ലാഹോര്‍: ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കള്‍ തായ്‌ലന്‍ഡില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് ഇന്ത്യ നിഷേധിച്ചിട്ടില്ല. കുല്‍ഭൂഷണ്‍ ജാദ്ദവിന്റെ കുടുംബത്തോട് പാകിസ്ഥാന്‍ മര്യാദയും മനുഷ്യത്വവും കാണിച്ചില്ലെന്ന് സുഷമ സ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞത് ഈ മാസം 28നാണ്. എന്നാല്‍ അതിന് ഒരു ദിവസം മുമ്പ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും പാകിസ്ഥാന്‍ സുരക്ഷാ ഉപദേഷ്‌ടാവ് ലഫ് ജനറല്‍ നസീര്‍ ഖാന്‍ ജന്‍ജുവയും തായ്‌ലന്‍ഡില്‍ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഈ രഹസ്യകൂടിക്കാഴ്ചയില്‍ എന്തൊക്ക വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് വ്യക്തമല്ലെന്നും എന്നാല്‍ അജിത് ഡോവലിന്‍റെ സമീപനം ക്രിയാത്മമായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നുമാണ് പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം റിപ്പോര്‍ട്ടിനോട് മൗനം പാലിക്കുകയാണ്. ഇതുവരെ ഇക്കാര്യം തള്ളി മന്ത്രാലയം രംഗത്തുവന്നില്ല എന്നത് ശ്രദ്ധേയമായി. ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫിസ് സയിദിനെതിരെ നടപടിക്കുള്ള അന്താരാഷ്‌ട്രസമ്മര്‍ദ്ദത്തിന് പാകിസ്ഥാന്‍ കീഴടങ്ങുന്നതിന്‍റെ സൂചനയും പുറത്തുവരുന്നുണ്ട്.
ഹാഫിസ് സയിദിന്റെ സ്ഥാപനങ്ങള്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന രഹസ്യ ഉത്തരവ് പുറത്തറിറങ്ങി. ഇതിനിടെ മുന്‍ധാരണപ്രകാരം ഇന്ത്യയും പാകിസ്ഥാനും ആണവനിലയങ്ങളുടെ വിവരങ്ങള്‍ ഇന്ന് പരസ്‌പരം കൈമാറി. എന്തായാലും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാകുമ്പോള്‍ നടന്ന ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കളുടെ കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന ചില രഹസ്യനീക്കങ്ങളുടെ കൂടി സൂചനയായി.
