ബാക്ടീരിയല്‍ ബാധയെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ കുഞ്ഞ് മരിച്ചെന്ന് അറിയിച്ചത് ഡോക്ടര്‍മാര്‍ തന്നെയായിരുന്നു

ഹോണ്ടുറാസ്: ബാക്ടീരിയ ബാധയെ തുടര്‍ന്നാണ് തന്റെ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഐവിസ്, വില്ലന്വേയിലുള്ള ഒരു ആശുപത്രിയിലെത്തിയത്. തൊലി മുഴുവന്‍ വിണ്ട് വയറിളക്കവും, അപസ്മാരവും വന്ന് ഗുരുതരാവസ്ഥയിലായിരുന്നു കുഞ്ഞ്. 

ചികിത്സയ്ക്കിടെ കുഞ്ഞ് മരിച്ചുവെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. മരണം അറിഞ്ഞതോടെ ബന്ധുക്കളും വീട്ടുകാരും ചേര്‍ന്ന് സംസ്‌കാരച്ചടങ്ങുകള്‍ക്കുള്ള ഒരുക്കവും തുടങ്ങി. അടക്കിന് മുമ്പ് പള്ളിക്കകത്തുണ്ടായിരുന്ന ഒരു കസേരയില്‍ കുഞ്ഞിനെ കിടത്തി പ്രാര്‍ത്ഥിക്കുകയായിരുന്നു എല്ലാവരും. അതിനിടെ കുഞ്ഞിന്റെ അമ്മയായ ഐവിസ് തന്നെയാണ് ആദ്യം അത് കണ്ടത്. തുണിയില്‍ പൊതിഞ്ഞുകിടക്കുന്ന കുഞ്ഞ് ശ്വാസമെടുക്കുന്നു. സംശയം തോന്നിയ ഇവര്‍ പരിശോധിച്ചപ്പോള്‍ കുഞ്ഞിന് ജീവനുണ്ടെന്ന് മനസ്സിലായി. 

പെട്ടെന്ന് തന്നെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് ജീവനുണ്ടെന്ന് അവിടെയുള്ള ഡോക്ടര്‍മാരും ഉറപ്പിച്ചു. ശേഷം വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റി. സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കിയതോടെ വിശദീകരണവുമായി മരണം സ്ഥിരീകരിച്ച ആശുപത്രിയുടെ അധികൃതര്‍ രംഗത്തെത്തി. വിഷയം അന്വേഷിക്കുമെന്നും അതിന് മുമ്പ് നിഗമനങ്ങളിലെത്തരുത് എന്നുമായിരുന്നു അവരുടെ വിശദീകരണം.