വാഷിംഗ്ടണില്‍ ഇനിമുതല്‍ രണ്ട് ട്രംപുമാര്‍ ഉണ്ടാകും. ഒരാള്‍ വൈറ്റ്  ഹൗസിന്‌ അകത്താണെങ്കില്‍ മറ്റയാള്‍ വൈറ്റ് ഹൗസിന്‌ പുറത്താണ് എന്ന വ്യത്യാസം മാത്രം. വൈറ്റ്  ഹൗസിന്‌ സമീപത്ത്   ട്രംപിനോട് സാദൃശ്യമുള്ള ബലൂണ്‍ ചിക്കന്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.  ട്രംപിനോട് രൂപസാദൃശ്യമുള്ള സ്വര്‍ണ്ണ തലമുടിയാണ് ബലൂണ്‍ ചിക്കനുമുള്ളത്. എന്നാല്‍ ട്രംപ് ചിക്കന്‍റെ ഉത്തരാവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.  

ട്രംപിന്‍റെ നികുതി നയത്തില്‍ സുതാര്യത ഇല്ലാത്തതിനാലും, അദ്ദേഹം ഇന്‍കംടാക്സ് റിട്ടേണ്‍ ചെയ്യാത്തതിലുള്ള  പ്രതിഷേധ സൂചകവുമായി  ട്രംപ് ബലൂണ്‍ ചിക്കന്‍ കഴിഞ്ഞ ഏപ്രിലില്‍  പ്രതിഷേധക്കാര്‍ ഉപയോഗിച്ചിരുന്നു. ഒരു ഓണ്‍ലൈന്‍ സൈറ്റാകട്ടെ ഡൊണാള്‍ഡ് ട്രംപ് ചിക്കന്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. വൈറ്റ് ഹൌസിന് പുറത്തെ ഈ ബലൂണ്‍ ചിക്കന്‍ ട്വിറ്ററിലടക്കം വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടു. ന്യൂ ജേഴ്സിയിലെ ഗോള്‍ഫ് ക്ലബിലാണ് ട്രംപ് ഇപ്പോള്‍. അതിനാല്‍ വൈറ്റ് ഹൌസിന് മുന്നിലെ പുതിയ അതിഥിയെ ഇതുവരെ ട്രംപ് കണ്ടിട്ടില്ല.