കണ്ണൂര്‍: വെട്ടിവീഴ്ത്തിയും കൊന്നും തള്ളിയും ജയിലിലെത്തുന്ന രാഷ്ട്രീയകൊലയാളികള്‍ക്ക് ജയിലില്‍ ലഭിക്കുന്ന രാജകീയ ജീവിതം. കുറ്റവാളികളെ തിരുത്തിയെടുക്കുക എന്നതാണ് ജയിലുകളുടെ മുഖ്യലക്ഷ്യമെങ്കിലും കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളെല്ലാം തന്നെ കൈയൂക്ക് കൊണ്ടും കാശെറിഞ്ഞും ഒരു വിഭാഗം കുറ്റവാളികള്‍ അടക്കിഭരിക്കുകയാണെന്നാണ് ഏഷ്യനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെടുന്നത്.
കുപ്രസിദ്ധമായ ടി.പി വധക്കേസിലെ പ്രതികളുടെ കാര്യമെടുക്കാം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാത്രം 43 തവണയാണ് ടിപി കൊലക്കേസ് പ്രതികളുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഇതുകൂടാതെ ജയില്‍ ഉദ്യോഗസ്ഥരേയും സഹതടവുകാരേയും തല്ലിയതിനും കഞ്ചാവ് കണ്ടെത്തിയതിനുമായി പത്തോളം കേസുകളും ടിപി വധക്കേസ് പ്രതികളുടെ പേരിലുണ്ട്.
കഴിഞ്ഞ ആഴ്ച്ച കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബടക്കം നിരവധി പേര്‍ക്ക് ജയിലില്‍ വച്ച് ടിപി കേസ് പ്രതികളുടെ വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മാത്രം 82 തടവുകാരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ മരണപ്പെട്ടത്. ഇതില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു മരിച്ച അസ്ലം, വിജയന്‍ എന്നിവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ശക്തമാണ്. കണ്ണൂര്‍ ജയിലില്‍ വച്ചു മരണപ്പെട്ട 15 പേരുടെ പോസ്റ്റ്‌മോര്‍ട്ട്ം റിപ്പോര്‍ട്ടും ലഭ്യമല്ല.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 16 തവണ തടവുകാരില്‍ നിന്ന് കഞ്ചാവ് പിടിക്കുകയും തടവുകാര്‍ തമ്മില്‍ തല്ലിയതിന് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരെ കൈയേറ്റം ചെയ്തതിന് 37 കേസുകളും അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 കൊല്ലത്തിനിടെ മാത്രം 136 തടവുകാരാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വച്ചു മരണപ്പെട്ടത്. വീയ്യൂരില്‍ ഉള്‍ക്കൊള്ളാവുന്നതിലും 250 തടവുകാര്‍ അധികമുള്ളപ്പോള്‍ തിരുവനന്തപുരത്ത് 563 പേര്‍ അധികമുണ്ട്.
