കൂമ്പാറ ആനക്കല്ലുംപാറയിലെ ക്വാറിക്ക് സമീപം മണ്ണിടിയുകയും മലവെള്ളപ്പാച്ചിലുണ്ടാവുകയും ചെയ്തിരുന്നു.

കോഴിക്കോട്: കൂടരഞ്ഞി ക്വാറികള്‍ക്ക് സമീപം പഞ്ചായത്ത്, വില്ലേജ് അധികൃതർ പരിശോധന നടത്തി. ക്വാറികള്‍ക്ക് സമീപം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായെന്ന പരാതികളെ തുടര്‍ന്നായിരുന്നു പരിശോധന. ഇതേ കുറിച്ചുള്ള റിപ്പോർട്ടും വില്ലേജ് ഓഫീസര്‍ സമര്‍പ്പിക്കും.

കൂമ്പാറ ആനക്കല്ലുംപാറയിലെ ക്വാറിക്ക് സമീപം മണ്ണിടിയുകയും മലവെള്ളപ്പാച്ചിലുണ്ടാവുകയും ചെയ്തിരുന്നു. മഞ്ഞക്കടവില്‍ നേരത്തെ ക്രഷറിന് അനുമതി നല്‍കിയിരുന്ന സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടായി. ബദാംചുവടിലും ക്വാറിക്ക് സമീപം ചെറിയ തോതില്‍ ഉരുള്‍പൊട്ടി.

ആനക്കല്ലുംപാറയില്‍ മണ്ണിടിഞ്ഞത് ക്വാറിയുടെ പ്രവര്‍ത്തനം കൊണ്ടാണെന്നാണ് നാട്ടുകാരുടെ പരാതി. പരാതിയെ തുടര്‍ന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്‍റും അടക്കമുള്ള സംഘം ഈ പ്രദേശങ്ങളില്‍ പരിശോധന നടത്തി. കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും മേഖലയില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു.

അധികം വൈകാതെ തന്നെ വില്ലേജ് ഓഫീസര്‍ പരിശോധനാ റിപ്പോർട്ട് സമര്‍പ്പിക്കും. താമരശേരി തഹസീല്‍ദാര്‍, ആര്‍.ഡി.ഒ, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുക. കൂടരഞ്ഞി പഞ്ചായത്തില്‍ ചെറുതും വലുതുമായി എട്ട് ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്.