സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ സൗദിവല്‍ക്കരണം ശക്തിപ്പെടുത്തുന്നു. വാഹന ഇന്‍ഷുറന്‍സ് ക്ലൈം രംഗത്ത് നൂറു ശതമാനം സ്വദേശീവല്‍ക്കരണം നടപ്പിലാക്കും.
ഇന്‍ഷുറന്‍സ് കമ്പനികളില്‍ സ്വദേശീവല്‍ക്കരണം ശക്തിപ്പെടുത്തണം എന്ന് സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി നിര്‍ദേശിച്ചു. ഇതുസംബന്ധമായ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം അതോറിറ്റി പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തില്‍ വാഹന ഇന്‍ഷുറന്‍സ് രംഗത്ത് സ്വദേശീവല്‍ക്കരണം നടപ്പിലാക്കാനാണ് നിര്‍ദേശം. വാഹന ഇന്‍ഷുറന്‍സ് ക്ലൈമുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ നൂറു ശതമാനവും സൗദികള്‍ ആയിരിക്കണം. ജൂലൈ രണ്ട് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. വാഹന ഇന്‍ഷുറന്‍സ് ക്ലൈമുകള്‍ സ്വീകരിക്കല്‍, സര്‍വേ നടത്തല്‍, നാശനഷ്ടങ്ങളും നഷ്ടപരിഹാരങ്ങളും തീരുമാനിക്കല്‍, പരാതികള്‍ പരിഹരിക്കല്‍ തുടങ്ങി ക്ലൈം മാനേജ്മെന്റുമായി ബന്ധപ്പെട്ട എല്ലാം ചെയ്യേണ്ടത് സൗദികള്‍ ആണ്. സ്വദേശീവല്‍ക്കരണം ഇന്‍ഷുറന്‍സ് കമ്പനികള്‍ എത്രമാത്രം നടപ്പിലാക്കി എന്ന് മോണിട്ടറി അതോറിറ്റി പരിശോധിക്കും. ഇതുസംബന്ധമായ റിപ്പോര്‍ട്ട് എല്ലാ മാസവും ഇന്‍ഷുറന്‍സ് കമ്പനികള്‍ അതോറിറ്റിക്ക് സമര്‍പ്പിക്കണം. ഇതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇതിനു പുറമേ ഇന്‍ഷുറന്‍സ് കമ്പനികള്‍ സൗദികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കണം എന്നും സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി നിര്‍ദേശിച്ചു.
