പണമടച്ച് ഇന്‍ഷുറന്‍സ് പുതുക്കിയിട്ടും, പിന്നീട് വാഹനം അപകടത്തില്‍പ്പെട്ട സമയത്ത് ക്ലെയിമിനായി ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് കാണിച്ചപ്പോള്‍ ഇത്തരമൊന്ന് നിലവിലില്ലെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ മറുപടി.

കണ്ണൂര്‍: വാഹന ഇന്‍ഷുറന്‍സിന്റെ പേരില്‍ ഉടമകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ഏജന്റ് അറസ്റ്റില്‍. വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയായിരുന്നു തട്ടിപ്പ്. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ പേരില്‍ പണം തട്ടിയ ഷീബ ബാബുവാണ് പിടിയിലായത്.

പണമടച്ച് ഇന്‍ഷുറന്‍സ് പുതുക്കിയിട്ടും, പിന്നീട് വാഹനം അപകടത്തില്‍പ്പെട്ട സമയത്ത് ക്ലെയിമിനായി ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് കാണിച്ചപ്പോള്‍ ഇത്തരമൊന്ന് നിലവിലില്ലെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ മറുപടി. തളിപ്പറമ്പിലെ ആഡംബര കാറിന് അടച്ച ഇന്‍ഷുറന്‍സ് തുകയായ 47,000 രൂപയെക്കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോള്‍ കമ്പനിക്ക് പണം ലഭിച്ചിട്ടില്ല. ഈ രണ്ട് സംഭവങ്ങള്‍ക്ക് പുറമെ, കണ്ണൂരിലെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്സ് കമ്പനി സീനിയര്‍ മാനേജരുടെ പരാതിയും കൂടിയായതോടെയാണ് ഷീബയെ അറസ്റ്റ് ചെയ്തത്. വാഹന ഇന്‍ഷുറന്‍സ് ശരിയാക്കാനെത്തിയ നിരവധി പേരെയാണ് ഇവര്‍ കബളിപ്പിച്ച് പണം തട്ടിയത്.

ചെറിയ അപകടങ്ങളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനായി അപേക്ഷിക്കുമ്പോള്‍ കിട്ടാതെ വരുന്നതോടെ തട്ടിപ്പ് പുറത്താകാതിരിക്കാന്‍ ഉടമകള്‍ക്ക് ഷീബ തന്നെ കൈയില്‍ നിന്ന് പണം നല്‍കുമായിരുന്നു. കേസില്‍ കൂടുതല്‍ പേര്‍ പരാതിയുമായെത്തുമെന്ന് പൊലീസ് കണക്കുകൂട്ടുന്നു.