രാജ്യത്തെ പ്രമുഖ കേന്ദ്ര സര്‍വകലാശാലകളില്‍ പിടിമുറുക്കിയിരിക്കുന്ന ഇടതുപക്ഷ തീവ്രവാദ സംഘടനകള്‍ കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോ ഏപ്രില്‍ 13നാണ് കാസര്‍കോഡ് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിരിക്കുന്നത്. ഇതനുസരിച്ച് സര്‍വകലാശാലാ വൈസ് ചാന്‍സിലറോട് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

‘പ്രോഗ്രസീവ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍, അംബേദ്ക്കര്‍ സ്റ്റുഡന്‍റസ് അസോസിയേഷന്‍, പാഠാന്തരം എന്നീ സംഘനകളെക്കുറിച്ചാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. പാഠാന്തരം മാസികയുടെ വിതരണം ഇവിടെ നടക്കുന്നുണ്ടെന്നും ഈ മൂന്ന് സംഘടനകളെയും ഏകോപിപ്പിക്കുന്നത് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന പത്തനംതിട്ട സ്വദേശി എബി എബ്രഹാം എന്നയാളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എബിവിപി ഒഴികെയുള്ള എല്ലാ സംഘടനകളെയും ഉള്‍പ്പെടുത്തി ജോയിന്റ് കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട് എന്നിങ്ങനെയുള്ള വിവരങ്ങളാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുള്ളത്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ വൈസ് ചാന്‍സിലറോട് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍.