മലപ്പുറം: മതത്തിന്റെ വേലിക്കെട്ടുകള്‍ക്കുപ്പുറം പടര്‍ന്ന് പന്തലിച്ച പ്രണയത്തിന് മതത്തിന്റെ വിലക്കുകള്‍ക്ക് പുല്ലുവില നല്‍കി നാട്ടുകാരും കൂട്ടിനെത്തിയപ്പോള്‍ ഇരട്ടിമധുരം. 

മലപ്പുറം പെരുന്തല്‍മണ്ണ കൊണ്ടിപ്പറമ്പിലാണ് സംഭവം. കുന്നുമ്മല്‍ യൂസഫിന്റെ മകള്‍ ജസീലയെ ഇതരമതസ്ഥനായ ടിസോ ടോമിന് വിവാഹം ചെയ്ത് നല്‍കാന്‍ തീരുമാനിച്ചതിന്റെ പേരിലാണ് കൊണ്ടിപ്പറമ്പ് മദാറുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി യൂസഫിനെയും കുടുംബത്തെയും മഹല്ലില്‍ നിന്ന് വിലക്കിയത്.

എന്നാല്‍ മഹല്ലിന്റെ വിലക്ക് മറികടന്ന് ആയിരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹ കാര്യത്തില്‍ മഹല്ല് കമ്മിറ്റി ഇടപെടേണ്ടതില്ലെന്ന് ശക്തമായ സന്ദേശം നല്‍കിയാണ് നാട്ടുകാര്‍ വിവാഹം ആഘോഷമാക്കിയത്.

മഹല്ലിലെ ഒരു അംഗം കുന്നുമ്മല്‍ യൂസഫ് എന്നയാളുടെ മകളെ അമുസ്ലിമുമായി വിവാഹ ബന്ധം നടത്തയതിനാല്‍ അവരുമായും കുടുംബവുമായും സഹകരിക്കേണ്ടതില്ലെന്ന് മഹല്ല് ഐകണ്‌ഠേന തീരുമാനിച്ചിരിക്കുന്നു എന്നായിരുന്നു മഹല്ല് വിലക്കില്‍ പറഞ്ഞത്.

സംഭവത്തില്‍ കുടുംബത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ജസീലയുടെ അമ്മാവന്‍ റഷീദ് സി.പി ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പും വൈറലായി.

റഷീദിന്റെ കുറിപ്പ് ഇങ്ങനെ...

ഇന്നലെ എന്റെ (മൂത്താപ്പാന്റെ )പെങ്ങളുടെ മകളുടെ കല്ല്യാണമായിരുന്നു. ജസീലയുടെ അഥവ ഞങ്ങളുടെ ഇയ്യക്കുട്ടിയുടെ കല്ല്യാണമായിരുന്നു. അവള്‍ക്കിഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്രമവള്‍ക്കുണ്ട് .ടിസോ ടോമിയും അവളും തമ്മിലെ വിവാഹമൊന്നുമല്ല ഇവിടത്തെ ആദ്യ മിശ്രവിവാഹം .രണ്ട് കുടുംബങ്ങളും ഒന്നിച്ച് ആളുകളുടെ പങ്കാളിത്തത്തോടെ നടത്തിയ ഇത്തരം മതരഹിത വിവാഹങ്ങള്‍ ഇവിടെ പതിവല്ല. അത്തരമൊരു കാര്യത്തിന് ധീരത കാട്ടിയ പെങ്ങള്‍ Najmayusaf Yusaf നും അളിയനും കുടുംബത്തിനും എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍ . മഹല്ല് കമ്മിറ്റിക്ക് ഇതില്‍കുരു പൊട്ടണ്ടകാര്യമൊന്നുമില്ല. മഹല്ല് കമ്മിറ്റി മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങള്‍ ഈ കടുംബവുമായി സംസാരിക്കേണ്ടതില്ലാ എന്നാണ് പറഞ്ഞത്. മഹല്ല് കാര്യങ്ങളില്‍ പള്ളിക്ക് പറയാമെന്ന് വാദത്തിന് സമ്മതിച്ചാല്‍ തന്നെ അല്ലാത്ത കാര്യങ്ങളില്‍ വിലക്കാന്‍ എന്ത് അധികാരമാണുള്ളത്.കാര്യങ്ങളുടെ കിടപ്പ് ഇവര്‍ ക്കൊന്നും ഇനിയും മനസ്സിലായിട്ടില്ല. പള്ളി വിചാരിച്ചാല്‍ കാലത്തിന്റെ ഒഴുക്കിനെ തടയാനാവുമോ? അല്ലെങ്കില്‍ പള്ളിക്ക് തന്നെ നിലനില്‍ക്കാന്‍ എത്ര നാള്‍ കഴിയുംഎന്നറിയാത്ത വിധം കാവി തീ പടരുന്ന കാലത്ത് ഇങ്ങനെ ചില വിവര ദോഷി കള്‍ കാട്ടുന്ന വിവരകേടുകള്‍ ഫാസിസ്റ്റുകള്‍ക്കാണ് ഗുണം ചെയ്യുക. പൊട്ട കുളത്തിലെ തവളകള്‍ ഉണ്ടാക്കുന്ന ഓരോരോ മണ്ടത്തരങ്ങള്‍ .ധാരാളം മുസ്ലിങ്ങള്‍ ,അതും മത വിശ്വാസികള്‍ തന്നെ ഈ കല്ല്യാണത്തില്‍ സജീവമായിരുന്നു. എന്ന് നിങ്ങളെ ഓര്‍മ്മി പ്പിക്കുന്നു.