പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരില്‍ നിന്നും പണം തട്ടുന്ന ഇതരസംസ്ഥാന മോഷണസംഘത്തിലെ അഞ്ച് പേര്‍ പിടിയില്‍. പമ്പയില‍ നിന്ന് അഞ്ച് ഇതരസംസ്ഥാനമോഷ്ടാക്കളെ ഷാഡോ പോലീസാണ് പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ അയ്യനാര്‍, മണിമുരുകന്‍, പളനിസ്വാമി, രവി എന്നിവരും ആന്ധ്രാ സ്വദേശിയുമാണ് പിടിയിലായത്. 

തീര്‍ത്ഥാടന സമയത്തും വിഷു ഉത്സവത്തിനും സന്നിധാനത്തും പമ്പയിലും സ്ഥിരം മോഷണം നടത്തുന്ന സംഘമാണിത്. ഇവര്‍ക്കെതിരെ വിവിധസ്ഥലങ്ങളില്‍ മോഷണം നടത്തിയതിന്‍റെ പേരില്‍ നൂറിലധികം കേസ്സുകളുണ്ട്. സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തോള്‍ സഞ്ചികളില്‍ നിന്നും പണം മോഷ്ടിച്ചതിന് നേരത്തെ ഇവരെ പോലീസ് പിടികൂടിയിടുണ്ട്.

സന്നിധാനത്ത് മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും കച്ചവടം നടത്തിയ തിരുവനന്തപുരം സ്വദേശിയും പോലീസ് പിടിയിലായി. മൂന്നാം തവണയാണ് മദ്യവും പാന്‍മസാലയും വില്‍പന നടത്തുന്ന ആള്‍ പിടിയിലാകുന്നത്. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി അനിലിനെയാണ് സന്നിധാനത്തെ ഷാഡോപോലീസ് സംഘം പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും മദ്യവും പുകയില ഉത്പന്നങ്ങളും പിടികൂടി.