കൊച്ചി: ജിഷ്ണു കേസില്‍ ഇന്നലെ അറസ്റ്റിലായ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന് ഇടക്കാല ജാമ്യം ലഭിച്ചു. കേസിലെ മൂന്നാം പ്രതിയായ ശക്തിവേലിനെ ഇന്നലെയാണ് കോയമ്പത്തൂരിലെ അന്നൂരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ തന്നെ തൃശ്ശൂര്‍ പൊലീസ് ക്ലബ്ബില്‍ എത്തിച്ച ഇയാളെ ചോദ്യം ചെയ്ത ശേഷം അര്‍ദ്ധ രാത്രിയോടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. 

എന്നാല്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി പരിഗണിക്കാനിരിക്കെ അറസ്റ്റ് ചെയ്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ശക്തിവേലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കോടതി ശക്തിവേലിന് ഇടക്കാല ജാമ്യം അനുവദിച്ചത്. കോളേജില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. കോളേജിന്റെ കാര്യങ്ങളില്‍ ഇടപെടുന്നതിനും വിലക്കുണ്ട്. ജാമ്യത്തുകയായി 50,000 രൂപ കോടതിയില്‍ കെട്ടിവെയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു.