ചാരവൃത്തി ആരോപിച്ച് ഇന്ത്യന്‍ മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന് പാകിസ്ഥാന്‍ വിധിച്ച വധശിക്ഷക്ക് സ്റ്റേ. അന്താരാഷ് നീതി ന്യായ കോടതിയുടേതാണ് ഉത്തരവ്.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ ചാരനെന്നാരോപിച്ചാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷക്ക് വിധിച്ചത്. വധശിക്ഷ ഒഴിവാക്കാണമെന്ന് ഇന്ത്യ നിരവധി തവണ അഭ്യര്‍ത്ഥിച്ചുവെങ്കിലും പാകിസ്ഥാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഹരീഷ് സാല്‍വെയാണ് ഇന്ത്യക്കായി ഹാജരായത്. വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ വധശിക്ഷ തടയണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി അംഗീകരിച്ചു. കുല്‍ഭൂഷനെ തടവില്‍ വച്ചിരിക്കുന്നത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ ഇന്ത്യ ഉന്നയിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സുരാജ് കോടതിയിലെ നടപടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ജാദവിന്റെ അമ്മയെ അറിയിച്ചു. സുഷമ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 2016 മാര്‍ച്ച് മൂന്നിന് ഇറാനില്‍ നിന്ന് പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് കുല്‍ഭൂഷന്‍ പാക് പൊലീസിന്റെ പിടിയിലാവുന്നത്. മഹാരാഷ്ട്ര സ്വദേശിയായ കുല്‍ഭൂഷന്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം ഇറാനില്‍ വ്യാപാരം നടത്തുകയായിരുന്നു. ബലൂചിസ്ഥാനിലും സിന്ധിലും ഭീകരപ്രവര്‍ത്തനം നടത്താനായാണ് ഇയാള്‍ എത്തിയതെന്നായിരുന്നു പാക് ആരോപണം. കുല്‍ഭൂഷനെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് 13 തവണ തവണ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും പാകിസ്ഥാന്‍ തയ്യാറായില്ല. നിയമസഹായം നല്‍കാനോ, അമ്മയെ കാണാനും അനുമതി നിഷേധിക്കുകയും ചെയ്തു. ഇത് ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുകയും ചെയ്തു. ഇപ്പോഴുണ്ടായിരിക്കുന്ന വിധി നയതന്ത്ര തലത്തില്‍ ഇന്ത്യ നേടിയ വലിയ വിജയമായാണ് വിലയിരുത്തപ്പെടുത്തത്.