നിലവിലെ പ്രസി‍ഡന്‍റ് മെ ഹോങ്‍ വെയ്നിനെ ചൈന കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം. നിയമവിരുദ്ധ പ്രവർത്തനം നടത്തി എന്ന കേസിലാണ് മെ ഹോങ് വെയ്ൻ അന്വേഷണം നേരിടുന്നത്.

ബീജീംഗ്: ഇന്‍റർപോളിന് പുതിയ തലവനെ നിശ്ചയിച്ചു. താൽക്കാലിക പ്രസിഡന്‍റായി തെക്കൻ കൊറിയയിൽ നിന്നുള്ള ഇന്‍റർപോളിലെ സീനിയർ വൈസ് പ്രസിഡന്‍റ് കിം ജോങ് യാങിനെയാണ് നിയമിച്ചിരിക്കുന്നത്. നിലവിലെ പ്രസി‍ഡന്‍റ് മെ ഹോങ്‍ വെയ്നിനെ ചൈന കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം.

നിയമവിരുദ്ധ പ്രവർത്തനം നടത്തി എന്ന കേസിലാണ് മെ ഹോങ് വെയ്ൻ അന്വേഷണം നേരിടുന്നത്. എന്താണ് കേസിന്‍‍റെ വിശദാംശങ്ങളെന്ന് ഇതുവരെ ചൈന പുറത്തുവിട്ടിട്ടില്ല. ചൈനീസ് പൗരനായ മെ ഹോങ് വെയ്ൻ പൊലീസിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഏറെ നാൾ പ്രവർത്തിച്ചിരുന്നു. പൊതുസുരക്ഷാ ചുമതലയുള്ള സഹമന്ത്രിയായും പ്രവർത്തിച്ചു. 

പിന്നീടാണ് ഇന്‍റർപോളിന്‍റെ തലപ്പത്തേക്ക് വരുന്നത്. ഈ കാലത്തെ ഇടപാടുകളാണ് അന്വേഷിക്കുന്നതെന്നാണ് സൂചന. ഇതിനിടെ പ്രസി‍ഡന്‍റിന്‍റെ രാജി അടിയന്തരമായി സ്വീകരിച്ചെന്ന് ഇന്‍റർപോൾ അറിയിച്ചു. തെക്കൻ കൊറിയയിൽ നിന്നുള്ള ഇന്‍റർപോളിലെ സീനിയർ വൈസ് പ്രസിഡന്‍റ് കിം ജോങ് യാങിനാണ് പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല. 

ദുബായിൽ അടുത്ത മാസം നടക്കുന്ന ജനറൽ അസംബ്ലിയിൽ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. കഴിഞ്ഞയാഴ്ചയാണ് ഫ്രാൻസിൽ നിന്ന് മെ ഹോങ് വെയ്ൻ ചൈനയിലേക്ക് പോയത്. കാണാതായെന്ന് കാണിച്ച് മെയുടെ ഭാര്യ നൽകിയ പരാതിയിൽ ഫ്രഞ്ച് പൊലീസും അന്വേഷണം തുടരുകയാണ്. 

മെയുടെ ഭാര്യയ്ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കാരണം വ്യക്തമാക്കാതെ ഇന്‍റർപോൾ തലവനെ കസ്റ്റഡിയിലെടുത്തതിന് വരും നാളുകളിൽ ചൈന അന്താരാഷ്ട്ര സമ്മർദ്ധം നേരിടുമെന്ന് ഉറപ്പാണ്