കൊല്ലം: മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് കൊല്ലത്തെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു. ചികില്‍സ നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നാണ് അന്വേഷിക്കുന്നത്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടായാല്‍ സമരം തുടങ്ങുമെന്ന് വ്യക്തമാക്കി മെഡിക്കല്‍ കോളേജ് അധ്യാപക സംഘടന സമരത്തിന് നോട്ടീസ് നല്‍കി.

കൊല്ലം അസീസിയ ആശുപത്രിയില്‍ മുരുകനെ എത്തിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറേയും മെഡിട്രീന ആശുപത്രിയിലെ ഭരണവിഭാഗം ജീവനക്കാരുള്‍പ്പെടെയുളളവരേയുമാണ് ചോദ്യം ചെയ്തത്. കൊല്ലം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. മുരുകനെ കൊണ്ടുപോയ എല്ലാ ആശുപത്രികളിലേയും ഡോക്ടര്‍മാകെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഇതിനൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വകുപ്പ് മേധാവികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും വരും ദിവസങ്ങളില്‍ മൊഴി എടുത്തേക്കും. അതേസമയം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ അറസ്റ്റ് അടക്കം നടപടികളുണ്ടായാല്‍ സമരം തുടങ്ങുമെന്ന് വ്യക്തമാക്കി. മെഡിക്കല്‍ കോളജ് അധ്യാപക സംഘടന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര നോട്ടീസ് നല്‍കി.

മുരുകന്റെ മരണത്തില്‍ ആശുപത്രികള്‍ക്ക് വീഴ്ച ഉണ്ടായോ എന്ന് പരിശോധിച്ച മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും പൊലീസിന്റെ തുടര്‍ നടപടികള്‍.