കോട്ടയം പൊന്‍കുന്നത്ത് കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശമദ്യ ഷോപ്പില്‍ നിന്നും ലക്ഷങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ അനേഷണം ജീവനക്കാരെ കേന്ദ്രീകരിച്ച് സംഭവുമായി ബന്ധപ്പെട്ട് ഇവിടെ ജോലി ചെയ്തിരുന്ന എട്ട് ജീവനക്കാരുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തി. ചൊവ്വാഴ്ച രാത്രി വൈകിയും ബുധനാഴ്ച പുലര്‍ച്ചെയും ആയി നടന്ന പരിശോധനയില്‍ പക്ഷേ കാര്യമായൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. 

മോഷണം നടന്ന രീതി തന്നെയാണ് ജീവനക്കാരെ സംശയിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്. ജീവനക്കാര്‍ നേരിട്ട് മോഷണത്തില്‍ പങ്കാളികളായി എന്നല്ല പകരം മോഷ്‌ടാക്കള്‍ക്ക് സഹായം ചെയ്തു നല്‍കി എന്ന നിഗമനമാണ് പോലിസിനുള്ളത്. സേഫിനുള്ളില്‍ കെട്ടുകളായി സുക്ഷിച്ചിരുന്ന പണം പൂട്ട് തുറക്കാതെ ചെറിയ ദ്വാരം മാത്രമുണ്ടാക്കി എങ്ങനെ പുറത്തെടുത്തു എന്നതാണ് പോലിസിനെ കുഴയ്‌ക്കുന്നത്. പൂട്ട് തുറന്ന് പണമെടുത്ത ശേഷം അനേഷണം വഴിതെറ്റിക്കാന്‍ സേഫിന്റെ വശത്ത് ദ്വാരം ഉണ്ടാക്കുകയായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്. പുറക് വശത്തെ മൂന്ന് ഷട്ടറുകളില്‍ ഒന്ന് മാത്രമാണ് അകത്ത് നിന്ന് പൂട്ടാതിരുന്നതും മദ്യ കുപ്പികള്‍ അടുക്കാതിരുന്നതും. കൃത്യമായി ഇത് തിരിച്ചറിഞ്ഞ് ഈ ഷട്ടറിന്റെ താഴ് തകര്‍ത്താണ് മോഷ്‌ടക്കള്‍ ഉള്ളില്‍ കടന്നത്. ഇതെല്ലാം ജീവനക്കാരെ സംശയിക്കാനുള്ള കാരണമാണ്.