പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റി. കേസ് അന്വേഷണത്തില്‍ വീഴ്‌ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാളയാര്‍ എസ്‌ഐയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്. നാര്‍ക്കോട്ടിക് ഡിവൈഎസ്‌പി എം ജെ സോജന് അന്വേഷണചുമതല നല്‍കി.

വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന് അന്വഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറം എസ്‌പിക്ക് ഇതിന്റെ വിവരങ്ങള്‍ കൈമാറണം. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൈമാറണം. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

വാളയാറില്‍ സഹോദരിമാര്‍ മരിച്ച കേസില്‍ പൊലീസിന് വിമര്‍ശനം. കേസെടുക്കുന്നതില്‍ പൊലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ പൊലീസ് മടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെണ്‍കുട്ടികളുടേത് ആത്മഹത്യയെന്ന പൊലീസ് നിലപാട് അംഗീകരിക്കാനാകില്ലെന്ന് ബന്ധുക്കളും നാട്ടുകാരും.