ഹയർ സെക്കണ്ടറി ഫിസിക്സ് ചോദ്യപേപ്പർ ചോർന്നോ? അന്വേഷണം തുടങ്ങി

First Published 23, Mar 2018, 8:47 AM IST
investigation started on question paper leak in thrissur
Highlights

 

  • ചോദ്യങ്ങൾ പ്രചരിച്ചത് വാട്സ് ആപ്പിലൂടെ 
  • പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സൈബര്‍ അന്വേഷണം തുടങ്ങി 
  • പരീക്ഷ റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല 

തൃശൂര്‍: ഹയര്‍ സെക്കണ്ടറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്ന്നുവെന്ന പരാതിയില്‍ സൈബര്‍ അന്വേഷണം തുടങ്ങി. ചോദ്യപ്പേപ്പര്‍ വാട്സ്ആപ്പിലൂടെ പ്രചരിച്ചെന്ന് കാട്ടി ഹയര്‍ സെക്കണ്ടറി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം. പരീക്ഷ റദ്ദാക്കുന്നതിനെ കുറിച്ച് വിദ്യാഭ്യാസവകുപ്പ് അന്തിമതീരുമാനം എടുത്തിട്ടില്ല 

ബുധനാഴ്ച നടന്ന ഹയര് സെക്കണ്ടറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ആണ് വാട്സ്ആപ്പില്‍ പ്രചരിച്ചത്. 80 ശതമാനത്തില് അധികം ചോദ്യവും പകര്ത്തിയെഴുതിയ പകര്‍പ്പുകളാണ് വാട്സ്ആപ്പിലൂടെ പ്രചരിച്ചത്. വിവിധ സ്കൂളുകളിലെ കുട്ടികള്‍ക്ക് ഇവ ലഭിക്കുകയും ചെയ്തു. തൃശ്ശൂര്‍ ജില്ലാ കോര്‍‍ഡിനേറ്റര്ക്ക് ചോദ്യപേപ്പറിന്റെ പകര്‍പ്പ് കിട്ടിയതോടെയാണ് വകുപ്പ് ഡയറക്ടര് പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. 

ചോദ്യപേപ്പര്‍ പരീക്ഷയ്ക്ക് മുമ്പാണോ ശേഷമാണ് വാട്സ്ആപ്പില്‍ പ്രചരിച്ചത് എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുന്നതിനെ കുറിച്ചൊന്നും വിദ്യാഭ്യാസ വകുപ്പ് അന്തിമ തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ വര്ഷം എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് വന്‍ വിവാദമായിരുന്നു. 

loader