കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നുവെന്ന കേരള പൊലീസിന്റെ വാദം പൊളിഞ്ഞു. ബിഷപ്പ് ഹൗസിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് പൊലീസ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് പറയുന്ന ബിഷപ്പ് ഹൗസിൽ അൽപ്പസമയം മുമ്പ് മാത്രമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ എത്തിയത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നുവെന്ന കേരള പൊലീസിന്റെ വാദം പൊളിഞ്ഞു. ബിഷപ്പ് ഹൗസിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് ഇക്കാര്യം ആവർത്തിക്കുമ്പോൾ ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് ഹൗസിൽ ഇല്ലായിരുന്നു.
ഇന്ന് ഉച്ചതിരിഞ്ഞ് ബിഷപ്പിനെ ചോദ്യം ചെയ്ത് തുടങ്ങിയെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ ഫ്രാങ്കോ മുളയ്ക്കൽ രാത്രി 7.15ന് മാത്രമാണ് ബിഷപ്പ് ഹൗസിലെത്തിയത്. ഫ്രാങ്കോ മുളയ്ക്കലിന്‍റെ വാഹനമെത്തിയപ്പോൾ നാടകീയ രംഗങ്ങളാണ് ബിഷപ്പ് ഹൗസിൽ അരങ്ങേറിയത്. അദ്ദേഹത്തിന്‍റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ബിഷപ്പ് ഹൗസിലെ സുരക്ഷാ ജീവനക്കാർ കയ്യേറ്റം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ക്യാമറാമാൻ മനു സിദ്ധാർത്ഥ് അടക്കമുള്ള മാധ്യമപ്രവർത്തകർക്ക് ഉന്തിലും തള്ളിലും പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ക്യാമറയും തകർന്നു. ഇതെല്ലാം നടക്കുമ്പോൾ പഞ്ചാബ് പൊലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായ സമയത്ത് പൊലീസ് ഇടപെട്ടില്ല. ഇപ്പോഴും ഒരു സംഘം മാധ്യമപ്രവർത്തകരെ ബിഷപ്പ് ഹൗസിനുള്ളിൽ തടഞ്ഞുവച്ചിരിക്കുകയാണ്.
ദിവസങ്ങളായി കേരള പൊലീസിന്‍റെ പ്രത്യേക സംഘം ജലന്ധറിൽ തമ്പടിച്ചിരിക്കുകയാണ്. വൈദികരിൽ നിന്നടക്കം സംഘം മൊഴി എടുക്കുകയും ചെയ്തു. ബിഷപ്പിനെതിരായ മൊഴികളും ഇതിലുണ്ടെന്നാണ് റിപ്പോർട്ടുകൾ . ഇടയനൊപ്പം ഒരു ദിവസം എന്ന പേരിൽ നടത്തിയ പ്രാർത്ഥന യോഗത്തെക്കുറിച്ച് കന്യാസ്ത്രീകൾ പരാതി പറഞ്ഞിരുന്നതായി വൈദികർ മൊഴി നൽകിയിട്ടുണ്ട്.
ബിഷപ്പിനെ അന്വേഷണ ഉദ്യോഗസ്ഥർ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. അന്വേഷണം വൈകുന്നുവെന്ന് കാട്ടി ചിലർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സത്യവാങ്മൂലം.
