ജിഷ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഡിവൈഎസ്‌പി ശശിധരന്‍ പെരുമ്പാവൂര്‍ കോടതിയില്‍ സമര്‍പ്പിച്ച അ‌ഞ്ചു പേജുള്ള കസ്റ്റഡി റിപ്പോര്‍ട്ടിലാണ് പ്രതി അമിറുല്‍ ഇസ്ലാം അടിക്കടി മൊഴി മാറ്റുന്ന കാര്യം വിശദീകരിച്ചിരിക്കുന്നത്. കൊലപാതകം നടത്തിയ ദിവസം ധരിച്ചിരുന്ന ലുങ്കി, ഷര്‍ട്ട് എന്നിവയെക്കുറിച്ചാണ് അമീര്‍ വ്യത്യസ്ത രീതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതിനാല്‍ വസ്‌ത്രങ്ങള്‍ കണ്ടെടുക്കാനായിട്ടില്ല. ഇത് കണ്ടെടുക്കാന്‍ ശ്രമങ്ങള്‍ തുടരേണ്ടതുണ്ട്. കസ്റ്റഡികാലയളവില്‍ കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ വീണ്ടും കൂടുതല്‍ ചെയ്യണം. ഇതിനായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ കസറ്റഡിയില്‍ ലഭിക്കാന്‍ റിപ്പോര്‍ട്ടും സത്യവാങ്ങ്മൂലവും പിന്നീട് സമര്‍പ്പിക്കും. കൂടുതല്‍ തെളിവെടുപ്പ് നടത്തണം. കുറ്റപത്രം സമര്‍പ്പിക്കാന്‍ കൂടുതല്‍ സാവകാശം ആവശ്യമാണ്. ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് സഹതടവുകാരില്‍ നിന്ന് കടുത്ത പീഡനമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകസെല്ലില്‍ പാര്‍പ്പിക്കണമെന്നും കസ്റ്റഡി റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം ആവശ്യപ്പെടുന്നു.