ആറ് വര്‍ഷം മുന്‍പ് ഛര്‍ദിയെത്തുടര്‍ന്ന് ഒന്നര വയസ്സുകാരി കീര്‍ത്തന മരിച്ചതാണ് തുടക്കം.

കണ്ണൂര്‍: പിണറായിയില്‍ ഒരേ കുടുംബത്തിലെ നാല് പേര്‍ സമാനമായ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒന്‍പത് വയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. നാലുമാസം മുന്‍പ് മരിച്ച പടന്നക്കര വണ്ണത്താം വീട്ടില്‍ ഐശ്വര്യയുടെ മൃതദേഹമാണ് പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുത്തത്. കുടുംബത്തില്‍ അവശേഷിക്കുന്ന ഏക അംഗവും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

പടന്നക്കര വണ്ണത്താം വീട്ടില്‍ സൗമ്യ, മക്കളായ കീര്‍ത്തന, ഐശ്വര്യ, സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരാണ് വീട്ടില്‍ താമസിച്ചിരുന്നത്. ആറ് വര്‍ഷം മുന്‍പ് ഛര്‍ദിയെത്തുടര്‍ന്ന് ഒന്നര വയസ്സുകാരി കീര്‍ത്തന മരിച്ചതാണ് തുടക്കം. കഴിഞ്ഞ ജനുവരിയില്‍ ഐശ്വര്യയും സമാനമായ രീതിയില്‍ മരിച്ചു. കഴിഞ്ഞ മാസം 7ന് കമലയും ഈ മാസം 13ന് കുഞ്ഞിക്കണ്ണനും മരിച്ചു. എല്ലാവരിലും കണ്ടത് ഒരേ രോഗ ലക്ഷണങ്ങള്‍. എന്നാല്‍ അടുത്തടുത്ത രണ്ട് മരണങ്ങള്‍ സംശയങ്ങള്‍ക്കിടയാക്കി. ഇരുവരുടോയും ആന്തരീകാവയവങ്ങള്‍ പരിശോധിച്ചപ്പോള്‍ വിഷം കലര്‍ന്നതായ സൂചനയും ലഭിച്ചു. ഇതോടെയാണ് നേരത്തേ മരിച്ച ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ തീരുമാനിച്ചത്.

ഛര്‍ദിയും തളര്‍ച്ചയുമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കുടുംബത്തില്‍ അവശേഷിച്ച ഏക അംഗമായ സൗമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍. ഐശ്വര്യയുടെ ആന്തരിക അവയവങ്ങളുടെ അവശിഷ്‌ടങ്ങള്‍ വിദഗ്ധ പരിശോധനയ്‌ക്ക് വിധേയമാക്കും. ഇതിന്റെ ഫലം കൂടി പുറത്തെത്തിയാല്‍ മാത്രമേ ദുരൂഹമായ നാല് മരണങ്ങളുടെയും സത്യാവസ്ഥ അറിയാന്‍ കഴിയൂ.