അടിമകളെപ്പോലെ ഏഴ് ദിവസം ഒരു വീട്ടിൽ പാർപ്പിച്ച ശേഷമാണ് കാമുകൻമാർ പെൺകുട്ടികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

റാഞ്ചി: പിക്നിക്കിനെന്ന വ്യാജേന ക്ഷണിച്ച് വരുത്തിയ ശേഷം കാമുകന്മാർ പീഡിപ്പിച്ചതായി പെൺകുട്ടികളുടെ പരാതി. പതിമൂന്നും പതിനാറും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് കാമുകന്മാർക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. റാഞ്ചിയിലെ ജഗദ്നാഥ്പൂരിലാണ് സംഭവം. ബദൽ,മനീഷ് എന്നീ യുവാക്കൾക്കെതിരെയാണ് പരാതി.

കഴിഞ്ഞ രണ്ടാം തീയതി മുതലാണ് ജഗദ്നാഥ്പൂരിൽ നിന്നും പെൺകുട്ടികളെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. എന്നാൽ ഒരാഴ്ചക്ക് ശേഷം പെൺകുട്ടികൾ വീടുകളിൽ തിരികെ എത്തുകയും ബലാത്സംഗത്തിനിരയായ വിവരം വീടുകളിൽ അറിയിക്കുകയും ചെയ്തു. തുടർന്നാണ് പൊലീസിൽ പരാതിയുമായി എത്തിയത്.

പതിനാറുകാരിയുടെ കാമുകൻ ബദലാണ് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തിയത്. എന്നാൽ പെൺകുട്ടി പതിമൂന്ന്കാരിയെയും കൂടെകൂട്ടുകയായിരുന്നു. തുടർന്ന് ബദൽ തന്റെ സുഹൃത്തായ മനീഷിനെയും സ്ഥലത്തേക്ക് വിളിച്ച് വരുത്തുകയും പെൺകുട്ടികളെ പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നു. 

അടിമകളെപ്പോലെ ഏഴ് ദിവസം ഒരു വീട്ടിൽ പാർപ്പിച്ച ശേഷമാണ് കാമുകൻമാർ പെൺകുട്ടികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. തത്തിസിൽ വാലി എന്ന പ്രദേശത്താണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. പൊലീസ് സൂപ്രണ്ട് സുജാതാ കുമാരി വീണപാണി പെൺകുട്ടികളുടെ ബലാത്സംഗ കേസ് സ്ഥിരീകരിച്ച ശേഷം അന്വേഷണത്തിന് ഉത്തരവിട്ടു. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.