സര്‍ക്കാര്‍ നിയമിച്ച കുവൈറ്റ് ഒളിംപിക് കമ്മിറ്റിക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അറിയിച്ചിരിക്കുന്നത്. കുവൈറ്റ് ഒളിംപിക് കമ്മിറ്റിയെ നിരവധി അന്താരാഷ്ട്ര സംഘടനകള്‍അംഗീകരിച്ചിരുന്നില്ല. ഒളിംപിക് എന്ന പേര് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ അനുമതിയില്ലാതെ കുവൈറ്റ് കമ്മിറ്റിയുടെ പേരിനോടു ചേര്‍ത്ത് ദുരുപയോഗം ചെയ്തതായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അയച്ച കത്തില്‍പറയുന്നു. 

കമ്മിറ്റിയില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി, ഫുട്‌ബോള്‍സംഘടനയായ ഫിഫ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍കഴിഞ്ഞ ഒക്ടോബര്‍മുതല്‍ കുവൈറ്റിനെ പുറത്താക്കിയിരുന്നു. 

കുവൈറ്റ് സര്‍ക്കാരിന്റെ കമ്മിറ്റിയുടെ ചെയര്‍മാന്‍ കുവൈറ്റ് ഒളിംപിക് കമ്മിറ്റിയുടെ ഇടക്കാല ബോര്‍ഡിന്റെ ചെയര്‍മാനാണെന്ന നിലയില്‍ പൊതുജനമധ്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കിയതായി ഒളിംപിക് കമ്മിറ്റി ആരോപിക്കുന്നു. ഇത് ഒളിംപിക് നിയമത്തിന്റെ ലംഘനമാണെന്നും ഇതിന് നേരിട്ടോ അല്ലാതെയോ നടപടി സ്വീകരിക്കാന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് അധികാരമുണ്ടെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുവൈറ്റുമായി സഹകരിക്കരുതെന്ന് എഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങള്‍ നീക്കം ചെയ്യപ്പെടുന്നതുവരെ കുവൈറ്റ് കായികതാരങ്ങള്‍ക്ക് സ്വതന്ത്രരായി മാത്രമേ അന്താരാഷ്ട്ര മത്സരങ്ങളില്‍പങ്കെടുക്കാനാവുകയുള്ളൂ.