തിരുവനന്തപുരം: പോലീസ് സ്‌റ്റേഷന്റെ ഭരണചുമതല സി.ഐമാര്‍ക്ക് നല്‍കിയതിനെ വിമര്‍ശിച്ച് എസ്.പിമാര്‍.പൊലീസ് ആസ്ഥാനത്തു ചേര്‍ന്ന ഐ.പി.എസ് അസോസിയേഷന്‍ യോഗത്തിലാണ് സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരത്തെ എസ്പിമാര്‍ വിമര്‍ശിച്ചത്. ക്രമസമാധാന ചുമതലയുള്ളവരെ രണ്ടുവര്‍ഷം കഴിയാതെ മാറ്റരുതെന്നാവശ്യപ്പെട്ട് ഐ.പി.എസ് അസോസിയേഷന്‍ ഡിജിപിക്ക് നിവദേനം നല്‍കും.

ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്ക് നല്‍കിയിരുന്നു. ഇതോടെ എസ്‌ഐമാരുടെ നേരിട്ടുള്ള നിയന്ത്രണം എസ്പിമാര്‍ക്ക് നഷ്ടമായി. സിഐമാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഐജിക്കു മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കാണ് കഴിയുന്നത്. അതുകൊണ്ട് പല സിഐമാരും എസ്പിമാരുടെ ഉത്തരവുകള്‍ കേള്‍ക്കുന്നില്ലെന്നാണ് പരാതി. 

പക്ഷെ? സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും പരാതികള്‍ ഉടന്‍ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നുമായിരുന്നു യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിലപാട്. തുടര്‍ന്ന് ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. എ.എസ്.പിമാര്‍ക്ക് ക്രമസമാധാന ചുതല നല്‍കാതെ അപ്രധാന തസ്തിക നല്‍കിയ കാര്യം യോഗം ചര്‍ച്ച ചെയ്തു. എഎസ്പിമാര്‍ക്ക് പ്രധാന തസ്തികള്‍ നല്‍കണമെന്നും ക്രമസമാധാന ചുമതലിയുള്ള ഉദ്യോഗസ്ഥരെ രണ്ടുവര്‍ഷം കഴിയാതെ മാറ്റാന്‍ പാടില്ലെന്നും ആവശ്യപ്പെട്ട് ഡി.ജി.പിക്ക് നിവേദനം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. 

അസോസിയേഷന്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് യോഗത്തില്‍ പങ്കെടുത്ത ചിലര്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് ഒരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥര്‍ നേരത്തെ കത്ത് നല്‍കിയിരുന്നു. ചാരിറ്റബിള്‍ ആക്ട് പ്രകാരം അസോസിയേഷന്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ പുതിയ ആവശ്യം അംഗീകരിക്കാവില്ലെന്ന് സെക്രട്ടറി പി.പ്രകാശ് യോഗത്തില്‍ പറഞ്ഞു. ഡിജിപി എ.ഹേമചന്ദ്രന്‍ അധ്യക്ഷതയിലായിരുന്നു യോഗം.