ശ്രീനഗര്‍: ഐപിഎസ് ഉദ്ദ്യോഗസ്ഥന്റെ സഹോദരന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്നതായി സ്ഥിരീകരണം. കശ്മീര്‍
സര്‍വകലാശാലയില്‍ നിന്ന് മേയ് 22ന് കാണാതായ ഷംസുല്‍ ഹഖ് മേഗ്നു എന്ന 25കാരനാണ് തീവ്രവാദ സംഘടനയില്‍ അംഗമായത്. തോക്കുകളുമായി
നില്‍ക്കുന്ന ഇയാളുടെ ഫോട്ടോ ഹിസ്ബുല്‍ മുജാഹിദീന്‍ തന്നെയാണ് പുറത്തുവിട്ടത്.

സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് സംഘടനയില്‍
പുതുതായി ചേര്‍ന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇക്കൂട്ടത്തില്‍ ഷംസുല്‍ ഹഖിന്റെയും ഫോട്ടോയുണ്ട്. കശ്മീരിലെ ഷോപ്പിയാല്‍ ജില്ലക്കാരനായ ഷുസുല്‍ ഹഖ്
കശ്മീര്‍ സര്‍വകലാശാലയില്‍ യുനാനി മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു‍. മേയ് 22ന് സര്‍വകലാശാലാ ക്യാമ്പസില്‍ നിന്നും ഇയാളെ കാണാതായെന്ന്
കാണിച്ച് മേയ് 25ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷംസുല്‍ ഹഖിന്റെ മൂത്ത സഹോദരന്‍ ഇനാമുല്‍ ഹഖ് 2012 ബാച്ചിലെ ഐപിഎസ്
ഉദ്ദ്യോഗസ്ഥനാണ്. 

കശ്മീരില്‍ നിന്ന് ഹിസ്ബുല്‍ മുജാഹിദീന്‍ പോലുള്ള തീവ്രവാദ സംഘടനകളില്‍ അംഗമാകുന്നവരുടെ എണ്ണത്തില്‍ അടുത്തിടെ വലിയ വര്‍ദ്ധനവാണ്
ഉണ്ടാകുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ പോലും ഇത്തരത്തില്‍ തീവ്രവാദത്തിലേക്ക് ആര്‍ഷിക്കപ്പെടുന്നുവെന്ന വിവരവും സുരക്ഷാ ഏജന്‍സികള്‍
നല്‍കുന്നുണ്ട്.