ഇസ്രയേൽ ആക്രമണത്തിൽ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ പുതിയ നിയമനം നടത്തി. മുഹമ്മദ് ബാഗർ സോൾഗാദറിനെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി നിയമിച്ചു. യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രയേലും ഇറാനും പരസ്പരം ആക്രമണങ്ങൾ തുടരുകയാണ്.

പ്പറേഷൻ എപിക് ഫ്യൂരി എന്ന പേരിൽ യുഎസ് നടത്തുന്ന ഇറാൻ അക്രമണത്തിൽ ആദ്യ ദിവസം തന്നെ ഇസ്രയേലിന്‍റെ മിസൈൽ പതിച്ച് ഇറാൻറെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയും ചില കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യുദ്ധത്തിൽ എടുത്തു പറയത്തക്ക ഒരു കാര്യം നേടാനായത്, ഇറാൻറെ സുരക്ഷാ മേധാവിയായ അലി ലാരിജാനിയുടെ കൊലപാതകമായിരുന്നു. അലി ലാരിജാനിയുടെ മരണത്തോടെ വിടവ് വന്ന സുരക്ഷേ മേധാവിയുടെ സ്ഥാനത്തേക്ക് ഇറാൻ പുതിയ നിയമനം നടത്തി. ഇറാൻറെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗണ്‍സിൽ (SNSC) സെക്രട്ടറിയായി നിയമിതനായത് മുഹമ്മദ് ബാഗർ സോൾഗാദറാണ്.

മുഹമ്മദ് ബാഗർ സോൾഗാദർ

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ (IRGC) മുൻ കമാൻഡറാണ് മുഹമ്മദ് ബാഗർ സോൾഗാദർ, ഇറാന്‍റെ പരമോന്നത നേതൃത്വത്തെ ഉപദേശിക്കുന്ന പ്രധാന സ്ഥാപനമായ എക്സ്പെഡിയൻസി ഡിസ്‌സേൺമെന്‍റ് കൗൺസിലിന്‍റെ സെക്രട്ടറിയാണ് നിലവിൽ സോൾഗാദർ. വർഷങ്ങളായി, ഇറാന്‍റെ രാഷ്ട്രീയ, സുരക്ഷാ സ്ഥാപനങ്ങളിൽ നിരവധി മുതിർന്ന സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. മുഹമ്മദ് ബാക്കിർ ദുൽഖദിറിന്‍റെ നിയമനത്തോടെ നേതൃത്വത്തെ ഇല്ലാതാക്കിയാൽ ഇറാനെ പരാജയപ്പെടുത്താമെന്ന ഇസ്രയേലിന്‍റെ മോഹത്തിനാണ് അടികിട്ടിയത്. ടെഹ്റാനിൽ കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. അദ്ദേഹത്തോടൊപ്പം മകനും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചിരുന്നു. യുദ്ധത്തിന്‍റെ ആദ്യ ദിവസമായ ഫെബ്രുവരി 28 -ാം തിയതി അയത്തുള്ള അലി ഖൊമനേയിയുടെ മരണത്തിന് ശേഷം ഇറാനുണ്ടായ ഏറ്റവും വലിയ നഷ്ടമായിരുന്നു അലി ലാരിജാനിയുടേത്.

ട്രംപ് വെടിനിർത്തിയിട്ടും പിന്മാറാതെ ഇസ്രയേൽ

ഇതിനിടെ ഇറാനുമായി അഞ്ച് ദിവസത്തെ വെടിനിർത്തൽ യുഎസ് പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇസ്രയേൽ വെടിനിർത്താൻ തയ്യാറാകാത്ത രീതിയിലാണ് പെരുമാറുന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ട്രംപിന്‍റെ വെടി നിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേൽ ടെഹ്റാൻ അക്രമിച്ചിരുന്നു. ഇതിന് മറുപടിയായി ഇറാൻ ടെൽ അവീവും അക്രമിച്ചു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ടെൽ അവീവിൽ കനത്തനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെൽ അവീവിലെ ജനവാസ മേഖലകളിലും വാണിജ്യ കേന്ദ്രങ്ങളിലും ഇറാൻറെ മിസൈലുകള്‍ പതിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റെന്നാണ് പുറത്ത് വരുന്ന വിവരം. നിരവധി കേട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.