റഷ്യയില്‍ മിന്നിയ ഇറാനിയന്‍ പ്രതിരോധം

മോസ്കോ: പ്രീക്വാര്‍ട്ടര്‍ പ്രവേശനം എന്ന ഒറ്റ ലക്ഷ്യം മുന്നില്‍ കണ്ടാണ് ഇന്ന് നിര്‍ണായക പോരാട്ടത്തിന് പോര്‍ച്ചുഗലും ഇറാനും ഇറങ്ങുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന അസാമാന്യ പ്രതിഭയുടെ മാന്ത്രികതയില്‍ മുന്നോട്ട് പോകുന്ന പറങ്കിപ്പടയുടെ ചങ്കിടിപ്പ് കൂട്ടുന്ന കണക്കാണ് റഷ്യന്‍ ലോകകപ്പില്‍ ഏഷ്യന്‍ ശക്തികളുമായ ഇറാന്‍ ഇത് വരെ നേടിയെടുത്തിരിക്കുന്നത്. റൊണാള്‍ഡോ എന്ന ഏക താരത്തിന്‍റെ മികവാണ് പോര്‍ച്ചുഗലിന് മൊറോക്കോയ്ക്കെതിരെ വിജയം നേടിക്കൊടുത്തതും സ്പെയിനെതിരെ നിര്‍ണായക സമനില സമ്മാനിച്ചതും.

ഈ രണ്ടു മത്സരങ്ങളിലും മറ്റുള്ള പോര്‍ച്ചുഗീസ് താരങ്ങളുടെ പ്രകടനം ശരാശരിയിലും താഴെയായിരുന്നുവെന്നതാണ് സത്യം. നാലാം മിനിറ്റില്‍ ഗോള്‍ നേടിയെങ്കിലും പിന്നീട് മൊറോക്കോ പറങ്കിപ്പടയെ വരച്ച വരയില്‍ നിര്‍ത്തിയാണ് മുന്നോട്ട് പോയത്. ക്രിസ്റ്റ്യാനോ പന്ത് പോലും ലഭിക്കാതെ മെെതാനത്ത് നില്‍കുന്ന കാഴ്ചയും കണ്ടു. ഇന്നത്തെ മത്സരത്തില്‍ വിജയം നേടുന്നവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാമെന്നിരിക്കെ പറങ്കികളുടെ ഈ പ്രശ്നങ്ങള്‍ ഇറാനെതിരെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധമാണ് ഇറാന്‍റേത്. ഇത് വരെ ക്രിയറന്‍സിലും ടാക്കിളുകളിലും സേവുകളിലും മറ്റുള്ള ടീമുകളില്‍ നിന്ന് ഏറെ മുന്നിലാണ് ഏഷ്യന്‍ ശക്തികള്‍. അലി ബെയ്റന്‍വാന്‍ഡാണ് ഇറാന്‍റെ ഗോള്‍മുഖത്തിന്‍റെ കാവല്‍ക്കാരന്‍. മൊര്‍ത്തേസ പൗറാളിഗാഞ്ചി, റൂസ്ബത്ത് ചെഷ്മി, റാമിന്‍ റസേലിയന്‍ എന്നീ ത്രീമൂര്‍ത്തികള്‍ പ്രതിരോധ നിരയെ ശക്തിപ്പെടുത്തുന്നു.

കടുത്ത മാര്‍ക്കിംഗിന് ഇരയാകുന്നത് മികച്ച താരങ്ങള്‍ എന്നും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. റൊണാള്‍ഡോയെ പൂട്ടിയാല്‍ വിജയം പിടിച്ചടക്കാന്‍ സാധിക്കുമെന്ന തന്ത്രം ഇതോടെ ഇറാന്‍ പയറ്റുമെന്നുള്ള കാര്യം ഉറപ്പാണ്. പോര്‍ച്ചുഗലിന്‍റെ മറ്റു താരങ്ങള്‍ കൂടി ഉണര്‍ന്നു കളിച്ചില്ലെങ്കില്‍ വ്യക്തിഗത പ്രകടനങ്ങളുടെ ആരവത്തില്‍ റൊണാള്‍ഡോയ്ക്ക് റഷ്യന്‍ ലോകകപ്പ് അവസാനിപ്പിക്കേണ്ടി വരും.