ടെഹ്‌റാന്‍: അമേരിക്കയുമായുള്ള ബന്ധം വഷളാകുന്നതിനിടെ മിസൈല്‍ പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകാന്‍ ഇറാന്റെ തീരുമാനം. 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള സയ്യദ് ത്രീ മിസൈല്‍ ഇറാന്‍ വിജയകരമായി പരീക്ഷിച്ചു. റഡാറിന്റെ ദൃഷ്‌ടിയില്‍പ്പെടാത്ത യുദ്ധവിമാനങ്ങളേയും ക്രൂയിസ് മിസൈലുകളേയും തകര്‍ക്കാന്‍ ശേഷി ഉള്ളതാണ് സയ്യദ് ത്രീ മൈസലുകള്‍.

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെ പേരില്‍ ഉപരോധം കൊണ്ടുവന്നതിനെ തുടര്‍ന്ന് ടെഹ്‍റാന്‍ യുഎസ് ബന്ധം വഷളായതിന് പിന്നാലെയാണ് സയ്യദ് ത്രീ മിസൈല്‍ പരീക്ഷിച്ച് ഇറാന്‍ ശക്തമായി തിരിച്ചടിച്ചത്. 2015ലെ ആണവ കരാറിനെ തുടര്‍ന്ന് ഇറാന്‍ അനുഭവിക്കുന്ന എല്ലാ ഗുണപരമായ സൗകര്യങ്ങളും റദ്ദാക്കാന്‍ അമേരിക്ക കഴിഞ്ഞ ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. ഇതിനെ നേരിടുമെന്നായിരുന്നു ഇറാന്‍റെ മറുപടി. പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുടെ ഈ പ്രഖ്യാപനമാണ് സയ്യദ് ത്രീ മിസൈലിന്റെ പരീക്ഷണത്തോടെ യാഥാര്‍ത്ഥ്യാമായിരിക്കുന്നതെന്ന് ഇറാന്‍ പ്രതിരോധമന്ത്രി ഹുസൈന്‍ ദേഹ്ഗന്‍ വ്യക്തമാക്കി.

അമേരിക്കയും സൗദിയും തമ്മിലുള്ള 110കോടി ഡോളറിന്റെ ആയുധകരാര്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സ്വയം പ്രതിരോധവുമായി മുന്നോട്ട് പോകാന്‍ ഇറാന്‍ നിര്‍ബ്ബന്ധിതമായിരിക്കുക ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പുതിയ നടപടി ശ്രദ്ധാപൂര്‍വം വീക്ഷിച്ച് വരികയാണെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് ട്രംപ് ഇറാനെതിരെ തിരിയുന്നത്. നേരത്തെ മുന്‍പ്രസിഡന്റ് ബരാക് ഒബാമയുടെ നേതൃത്വത്തില്‍ 2015ല്‍ ഇറാനുമായുണ്ടാക്കിയ ആണവ ഉടമ്പടിയെ ട്രംപ് തള്ളി പറഞ്ഞിരുന്നു.

ഇതിനിടയില്‍ ഇറാന്റെ 15 നയതന്ത്ര പ്രതിനിധികളെ കുവൈറ്റ് പുറത്താക്കി. ഇറാനുമായി ബന്ധമുള്ള 'ഭീകരസംഘ'ത്തെ രാജ്യത്തെ പരമോന്നതകോടതി കുറ്റക്കാരായി വിധിച്ചതിനെത്തുടര്‍ന്നാണ് നടപടി. കുവൈത്തിലെ ഇറാനിയന്‍ എംബസിയുമായി ബന്ധപ്പെട്ട സൈനിക, സാംസ്‌കാരിക, വാണിജ്യസ്ഥാപനങ്ങളും പൂട്ടിയിട്ടുണ്ട്.