എണ്ണ ഉൽപാദനം നിയന്ത്രിക്കുന്ന കാര്യത്തിൽ ഒപെക് - ഒപെക് ഇതര രാജ്യങ്ങൾക്കിടയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ചർച്ചകൾ സജീവമാണെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഏറ്റവുമൊടുവിൽ ഇറാനും ഇറാഖും ഉൽപാദന നിയന്ത്രണത്തിൽ ഇളവ് വേണമെന്നാവശ്യപ്പെട്ടതോടെ ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പങ്ങൾ വീണ്ടും സങ്കീർണമാവുകയായിരുന്നു.
എന്നാൽ ഇറാന്‍റെ പ്രതിദിന ഉൽപാദനം 39.2 ലക്ഷം ബാരൽ വരെയായി ഉയർത്താമെന്ന നിർദേശമാണ് കഴിഞ്ഞ ദിവസം ദോഹയിൽ ചേർന്ന റഷ്യ- ഒപെക് യോഗം മുന്നോട്ടു വെച്ചത്. അതേസമയം വർഷങ്ങൾ നീണ്ട ഉപരോധത്തിന് ശേഷം പ്രതിദിന ഉൽപാദനം 40 ലക്ഷം ബാരലാക്കി ഉയർത്തി സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ഇറാൻ ഈ നിർദേശത്തോട് ഇതേവരെ പ്രതികരിച്ചിട്ടില്ല.
റഷ്യ ഉൾപെടെ രണ്ട് ഒപെക് ഇതര രാജ്യങ്ങളും ഒൻപത് ഒപെക് അംഗങ്ങളുമാണ് യോഗത്തിൽ പങ്കെടുത്തത്. ഉൽപാദന നിയന്ത്രണത്തിൽ ഇളവ് വേണമെന്നാവശ്യപ്പെടുന്ന ഇറാന്റെയും ഇറാഖിന്റെയും ഊർജമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തില്ല.അതുകൊണ്ടു തന്നെ ഇവരുടെ അഭാവത്തിൽ ഒപെക് മുന്നോട്ടു വെച്ച നിർദേശങ്ങൾ ഇറാൻ അംഗീകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
ചർച്ചകളുടെ ഭാഗമായി ഉൽപാദനം നിയന്ത്രിക്കാൻ ഒപെക് തീരുമാനിച്ചാൽ ആറു മാസത്തേക്കോ അതിലേറെയോ ഉൽപാദനം മരവിപ്പിക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഈ മാസം മുപ്പതിന് വിയന്നയിൽ യോഗം ചേരുന്നതിനു മുമ്പ് ഇക്കാര്യത്തിൽ ഒപെക് അംഗരാജ്യങ്ങൾക്കിടയിൽ സമവായത്തിലെത്താൻ കഴിഞ്ഞാൽ എണ്ണ വിപണിയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
