തെഹ്​റാൻ: കുടിയേറ്റ വിഷയത്തിൽ അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപിന്​ ശക്​തമായ മറുപടിയുമായി ഇറാൻ. അമേരിക്കൻ പൗരൻമാർക്ക് ഇറാനിൽ പ്രവേശനം അനുവദിക്കില്ലെന്ന്​ ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്​തമാക്കി.

ഏഴു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയും സന്ദര്‍ശകരെയും അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്നുള്ള ട്രംപി​ന്‍റെ തീരുമാനം മുസ്​ലിം ജനതയെ അപമാനിക്കുന്നതാണെന്നും തീരുമാനം അക്രമണങ്ങളും തീവ്രവാദവും വർധിക്കാൻ കാരണമാവു​മെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇറാന്‍ വിസയുള്ള അമേരിക്കന്‍ പൗരന്മാരെ രാജ്യം സ്വാഗതം ചെയ്യുന്നതായി ഇറാന്‍ വിദേശകാര്യമന്ത്രി പിന്നീട് പ്രസ്താവന ഇറക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

മെക്​സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കാനുള്ള ട്രംപിന്‍റെ തീരുമാനത്തെ പരോക്ഷമായി വിമർശിച്ച്​ ഇറാൻ പ്രസിഡൻറ്​ ഹസൻ റുഹാനി നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ മതിലുകള്‍ കെട്ടിത്തിരിക്കേണ്ട കാലമല്ല ഇതെന്നായിരുന്നു ട്രംപിന്‍റെ പേരു പരാമര്‍ശിക്കാതെ റൂഹാനി പറഞ്ഞത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ബര്‍ലിന്‍ മതില്‍ കടപുഴകിയത് അവര്‍ മറന്നുകാണും. സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. സിറിയയിൽ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കി.

ട്രംപിന്‍റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് അമേരിക്കയില്‍ ഉയരുന്നത്. ഇതിനിടെ ഉത്തരവിനെ അമേരിക്കന്‍ ഫഡറല്‍ കോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു.