ടെഹ്‌റാന്‍ : ജാക്കിചാന്‍റെ സെക്സ് സീനുകള്‍ ടിവിയില്‍ കാണിച്ച ചാനല്‍ മേധാവിയുടെ ജോലി തെറിച്ചു. ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഐആര്‍ഐബിയാണ് പ്രാദേശിക മേധാവിക്കെതിരേ നടപടിയെടുത്തത്. ഇറാനിലെ കിഷ് ഐലന്‍ഡിലെ പ്രാദേശിക ടിവി സ്റ്റേഷനാണ് അബദ്ധത്തില്‍ അശ്ലീല രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചത്. സിനിമയില്‍ ഒരു ലൈംഗിക തൊഴിലാളിയുമായി സെക്‌സില്‍ ഏര്‍പ്പെടുന്ന ജാക്കി ചാന്റെ രംഗങ്ങളാണ് ഉണ്ടായിരുന്നത്. 

ഇത് കണ്ടതോടെ ടിവി പ്രേക്ഷകര്‍ ഞെട്ടി. ടെലിവിഷനില്‍ വന്ന സെക്‌സ് സീനിന്‍റെ ക്ലിപ്പിങ് ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധികൃതര്‍ ടെലിവിഷന്‍ മേധാവിക്കെതിരേ നടപടിയെടുത്തത്. ഐആര്‍ഐബിയുടെ നിയമങ്ങള്‍ക്ക് എതിരാണ് എന്നാരോപിച്ചാണ് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ഇതിനിടെ ഐആര്‍ഐബി ടിവി അവതാരകന്‍റെ തമാശ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. ലൈംഗിക തൊഴിലാളിയായി അഭിനയിച്ച സ്ത്രീയെ ജാക്കി ചാന്‍ വിവാഹം കഴിച്ചെന്ന് അടിക്കുറിപ്പ് കാണിച്ചിരുന്നെങ്കില്‍ ഇത് വിവാദമാകില്ലായിരുന്നു എന്നാണ് അവതാരകന്‍ പറഞ്ഞത്. 

ഇതിന് മുന്‍പ് ഒരു സ്ത്രീയും പുരുഷനും കൈപിടിച്ച് പോകുന്ന രംഗത്തില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇവര്‍ വിവാഹിതരായി എന്ന് എഴുതിക്കാണിച്ചിരുന്നു. സംഭവത്തിനെതിരേ രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്.