ബാഗ്ദാദ്: ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ ഈ വര്‍ഷം അവസാനത്തോടെ ഇരുപത് ലക്ഷം അഭയാര്‍ത്ഥികള്‍ കൂടി ഉണ്ടാകുമെന്ന് ഐക്യരാഷ്‌ട്രസഭയുടെ മുന്നറിയിപ്പ്. യുദ്ധം കെടുതി വിതച്ച മേഖലകളില്‍ ഒരു കോടിയോളം പേര്‍ അടിയന്തര സഹായം കാത്തിരിക്കുന്നതായും യുഎന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടയില്‍ ഐഎസില്‍ നിന്നും സൈന്യം തിരിച്ചു പിടിച്ച മേഖലയില്‍ ആളുകളെ കൂട്ടത്തോടെ കുഴിച്ചിട്ട അമ്പതോളം കല്ലറകള്‍ കണ്ടെത്തി.
യുഎന്‍ സെക്രട്ടറി ജനറല്‍ ഇറാഖിലേക്കയച്ച പ്രത്യേക ദൂതന്‍ ജാന്‍ ക്യുബിസ് ഐക്യരാഷ്‌ട്ര സഭക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അവിടുത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച വിലയിരുത്തലുള്ളത്. യൂറോപ്പിനെ പ്രതിസന്ധിയിലാക്കിയ അഭയാര്‍ത്ഥി പ്രവാഹം ഇനിയും വര്‍ദ്ധിക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇറാഖില്‍ നിന്നും ഇരുപത് ലക്ഷം പേര്‍ കൂടി അഭയാര്‍ത്ഥികളാകുമെന്ന് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുഎന്‍ മുന്നറിയിപ്പ് നല്‍കി.
അതുപോലെ തന്നെ സൈന്യവും ഐഎസും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന ഇറാഖിലെ പലയിടങ്ങളിലായി ഒരു കോടിയോളം പേര്‍ അടിയന്തര വൈദ്യ സഹായം കാത്തിരിക്കുന്നതായും യുഎന്‍ വ്യക്തമാക്കി. ഇത് മുന്നില്‍ക്കണ്ട് ഇറാഖില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ഇടപെടല്‍ കാര്യക്ഷമമാക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ ഇറാഖി ഭരണകൂടത്തോട് ആഭ്യര്‍ത്ഥിച്ചു. രാഷ്‌ട്രീയ അസ്ഥിരത ഐഎസിന് മാത്രമേ ഗുണം ചെയ്യൂ എന്നും യുഎന്‍ വ്യക്തമാക്കി.
ഇതിനൊപ്പം തന്നെ ഇറാഖില്‍, ഐഎസില്‍ നിന്നും സൈന്യം തിരിച്ചു പിടിച്ച മേഖലകളില്‍ നൂറു കണക്കിന് ആളുകളെ കൂട്ടത്തോടെ കുഴിച്ച് മൂടിയ അമ്പതോളം കല്ലറകള്‍ കണ്ടെത്തിയതായും ഐക്യരാഷ്‌ട്രസഭ അറിയിച്ചു.റമാദിയിലെ ഒരു ഫുട്ബോള്‍ മൈതാനത്ത് മാത്രം ഇത്തരത്തില്‍ ഉള്ള മൂന്ന് കല്ലറകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടെ നിന്നും 120 ഓളം മൃതദേഹങ്ങളുടെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതായും യുഎന്‍ സ്ഥിരീകിരിച്ചു.
