പത്തനംതിട്ട: ഇരവിപേരൂരില്‍ പ്രത്യക്ഷ രക്ഷാ ദൈവസഭാസ്ഥാനത്തെ വെടിക്കെട്ട് പുരക്ക് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. 4 പേര്‍ക്ക് പൊള്ളലേറ്റു. അനുമതിയില്ലാതെ സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്തതിന് തിരുവല്ല പൊലീസ് കേസെടുത്തു.

വെടിക്കെട്ട് പുരയുടെ നടത്തിപ്പുകാരനായ ഹരിപ്പാട് സ്വദേശി ഗുരുദാസും ഇയാളുടെ ഭാര്യ ആശയുമാണ് മരിച്ചത്. ഗുരുദാസ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ആശ കോട്ടയം മെഡിക്കല്‍ കോളേജിലും വെച്ചാണ് മരിച്ചത്. പൊള്ളലേറ്റ 4 പേരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്‍റെ 140ാം ജന്മദിന സമ്മേളനം നടക്കുകയായിരുന്നു പിആര്‍ഡിഎസ് ആസ്ഥാനത്ത്. ഇതിന്‍റെ ഭാഗമായുള്ള വെടിവഴിപാടിന് കതിന നിറക്കുന്ന സ്ഥലത്താണ് രാവിലെ 9 മണിയോടെ പൊട്ടിത്തെറിയുണ്ടായത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയും ജില്ലാ പൊലീസ് മേധാവി ജേക്കബ്ബ് ജോബും സ്ഥലത്തെത്തി പരിശോധന നടത്തി.

ചെറിയതോതിലുള്ള വെടിവഴിപാടായിരുന്നതിനാല്‍ അനുമതി തേടിയിരുന്നില്ലെന്നാണ് പിആര്‍ഡിഎസ് നേതൃത്വത്തിന്‍റെ പ്രതികരണം. നാളെ നടത്താനിരുന്ന പ്രധാന വെടിക്കെട്ടിനും അനുമതി തേടിയിരുന്നില്ല. വെടിക്കെട്ട് പുരയുടെ കരാറുകാരന്‍ ഹരിപ്പാട് സ്വദേശി സുനിലിനെ പ്രതിയാക്കി സ്ഫോടക വസ്തു നിരോധന നിയമപ്രകാരം തിരുവല്ല പൊലീസ് കേസെടുത്തു. മരിച്ച ഗുരുദാസന്‍റെ ബന്ധുവാണ് സുനില്‍.