ദില്ലി: ട്രെയിനുകളിലെ ഭക്ഷണവിതരണം പൂര്‍ണ്ണമായും ഐ ആര്‍ സി ടി സിയെ ഏല്‍പ്പിച്ചു. സ്വകാര്യസ്ഥാപനങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും എന്നാല്‍ സ്വയം സഹായ സംഘങ്ങളെ ഉപയോഗിക്കാമെന്നും റെയില്‍മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. കേരളവുമായി സഹകരിച്ച് കൂടുതല്‍ റെയില്‍വേ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

2010ല്‍ മമതാ ബാനര്‍ജി റെയില്‍ മന്ത്രിയായിരുന്നപ്പോഴാണ് തീവണ്ടികളിലെ ഭക്ഷണനിര്‍മ്മാണം ഐ ആര്‍ സി ടി സിയെ ഒഴിവാക്കി സ്വകാര്യസ്ഥാപനങ്ങളെ ഏല്‍പ്പിച്ചത്. ഭക്ഷണത്തെക്കുറിച്ച് വ്യാപകപരാതി ഉണ്ടായ സാഹചര്യത്തിലാണ് വീണ്ടും ഐആര്‍സിടിസിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കിയ കരാറുകള്‍ പൂര്‍ണ്ണമായും റദ്ദാക്കും. എന്നാല്‍ കുടുംബശ്രി പോലുള്ള സ്വയം സഹായ സംഘങ്ങളെ ഉപയോഗിക്കാം. ഓരോ സംസ്ഥാനങ്ങളുടെയും തനത് ഭക്ഷണം അതത് മേഖലകളില്‍ പാചകം ചെയ്ത് തീവണ്ടിയിലേത്തിക്കുമെന്ന് റെയില്‍മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

രാജ്യത്തെ ആദ്യത്തെ അന്ത്യോയദയ ഏക്‌സപ്രസ് ഇന്ന് സര്‍വ്വീസ് തുടങ്ങി. എറണാകുളത്ത് നിന്ന് ഹൗറയിലേക്ക് ആഴ്ചയില്‍ രണ്ട് ദിവസമാണ് സര്‍വ്വീസ്. റിസര്‍വേഷന്‍ വേണ്ടാത്ത ഈ തീവണ്ടി 36 മണിക്കൂര്‍ കൊണ്ടാണ് യാത്ര പൂര്‍ത്തിയാക്കുന്നത്.