കരുനാഗപ്പള്ളി: ആലപ്പാടിന് സമീപമുള്ള ടിഎസ് കായലില്‍ രണ്ട് ഡ്രഡ്ജര്‍ ഉപയോഗിച്ച് കരിമണല്‍ ഖനനം നടത്തി ഗുരുതര നിയമലംഘനം നടത്തുകയാണ് ഇന്ത്യൻ റെയര്‍ എര്‍ത്ത്.കായലില്‍ ഖനനം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെ രഹസ്യമായി വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് ഖനനം. ഖനനത്തെത്തുടര്‍ന്ന് ടിഎസ് കായലിന്‍റെ ഒരു ഭാഗം തന്നെ ഇല്ലാതായി.

വലുതും ചെറുതുമായ രണ്ട് ഡ്രഡ്ജറുകള്‍ ടിഎസ് കായലില്‍. ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തുമ്പോള്‍ ഇതില്‍ ചെറിയ ഡ്രഡ്ജര്‍ ഉപയോഗിച്ചാണ് കായലിന്‍റെ വശത്ത് നിന്ന് ഖനനം നടത്തുന്നത്.മണല്‍ മോട്ടോര്‍ വഴി ഐആര്‍ഇയുടെ പ്രദേശത്ത് വന്ന് വീഴുന്നതും കാണാം.ആ മണല്‍ മണ്ണുമാന്തി യന്തം ഉപയോഗിച്ച് അതിവേഗം കായല്‍ തീരത്ത് നിന്ന് മാറ്റും.ഞങ്ങളെത്തുന്നത് കണ്ട് കായലിലിട്ടിരിക്കുന്ന പൈപ്പ് വലിച്ച് മാറ്റുന്ന ഐആര്‍ഇ ജീവനക്കാരൻ

ഈ പ്രദേശത്തിന്‍റെ ആകാശ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും കായല്‍ കയ്യേറി ഖനനം നടത്തുന്നതിന്‍റെ യഥാര്‍ത്ഥ ചിത്രം.1960 ലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് റൂളും 1988 ലെ മിനറല്‍ കണ്‍സര്‍വേഷന്‍ റൂളും പരസ്യമായി ലംഘിക്കപ്പെടുന്നു. പൊതു ജനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ ഐആര്‍ഇയ്ക്കകത്ത് പ്രവേശനമില്ലാത്തതിനാല്‍ സധൈര്യമാണ് നിയമലംഘനം.

ആലപ്പാട് പഞ്ചായത്തില്‍ നിന്ന് കിട്ടിയ ഈ സ്ഥലത്തിന്‍റെ സ്കെച്ചിലും കായലില്‍ ഖനനം നടത്തുന്ന ഭാഗം നേര്‍‍ത്ത് വരുന്നതായി കാണാം.പക്ഷേ ഈ വിഷയത്തില്‍ പ്രതികരിക്കാൻ ഒന്നുമില്ലെന്നാണ് ഐആര്‍ഇ നല്‍കിയ മറുപടി