ഇരിങ്ങാലക്കുട: സഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചു കൊന്ന സംഭവത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി മിഥുന്‍ അപകടനില തരണം ചെയ്തു. ആരോഗ്യനില തൃപ്തികരമാണെന്നും ശസ്ത്രക്രിയ വിജയകരമാണെന്നും ഡോക്ടർ
മാര്‍ അറിയിച്ചു. 

സഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാ മിഥുന്‍ കഴിഞ്ഞ ദിവസമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഒളിവിലായിരുന്ന മിഥുനെ പെണ്‍കുട്ടിയുടെ വീടിനു മുന്നില്‍ കൈ ഞരന്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടിയുടെ സഹോദരൻ സുജിത് വേണുഗോപാല്‍ മിഥുൻറെ മര്ദ്ദനമേറ്റ് മരിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ മിഥുനുവേണ്ടി പൊലീസ് മറ്റു സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തവെയാണ് ആത്മഹത്യാശ്രമം.

രക്തം വാര്‍ന്നു കിടന്നിരുന്ന മിഥുനെ നാട്ടുകാര്‍ ചേര്‍ന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇയാളെ തൃശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തില്‍ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ആദ്യമായാണ് ഒരാളെ മര്‍ദ്ദിച്ചതെന്നും, കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഇല്ലായിരുന്നുവെന്നും ഇതില്‍ പറയുന്നു. 

കുറ്റബോധം മൂലം ജീവനൊടുക്കുന്നുവെന്ന സൂചന നല്‍കുന്നതാണ് കുറിപ്പ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരിങ്ങാലക്കുട നഗര മധ്യത്തില്‍ വെച്ച് മിഥുൻ സുജിത്തിനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഇയാള്‍ തിരുപ്പതിയില്‍ ഒളിവിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.മിഥുന്‍റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു.