ഫ്ലോറിഡ: ഇര്‍മ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഫ്ലോറിഡയുടെ തീര പ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. ഇര്‍മയെ തുടര്‍ന്നുണ്ടായ റോഡപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് പോലീസ് രക്ഷ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചു. നേരത്തെ കാറ്റിന്റെ വേഗം കുറഞ്ഞ് കാറ്റഗറി മൂന്നിലെത്തിയ ഇര്‍മയുടെ ശക്തി വീണ്ടും കൂടി കാറ്റഗറി നാലില്‍ എത്തിയിട്ടുണ്ട്. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ ഇര്‍മ വീശുന്നത്. നാലു ലക്ഷത്തോളം ജനങ്ങള്‍ക്ക് വൈദ്യുതി ബന്ധം നഷ്‌ടമായിട്ടുണ്ട്. കൊടുങ്കാറ്റിനെത്തുടര്‍ന്ന് 15 ഇടി വരെ ഉയരത്തില്‍ വെളളം ഉയരാമെന്നാണ് മുന്നറിയിപ്പുകള്‍. ഫ്ലോറിഡയില്‍നിന്ന് 63 ലക്ഷത്തോളം ജനങ്ങളോടാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുളളത്.
ഫ്ലോറിഡ സംസ്ഥാനത്തെ ആകെ ജനസംഖ്യയില്‍ 30 ശതമാനത്തോളം വരും ഇത്. സെന്‍ട്രല്‍ ഫ്ലോറിഡ, ഫോര്‍ട് മിയേഴ്‌സ്, ടാംബാ തുടങ്ങിയ മേഖലകളിലാകും ഇര്‍മ കൂടുതല്‍ നാശം വിതയ്‌ക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ആദ്യം ജീവന്‍ സുരക്ഷിതമാക്കുക പിന്നെ മാത്രം വസ്തുവകകള്‍ സുരക്ഷിതമാക്കുക എന്നാണ് ഫ്ലോറിഡ ഗവര്‍ണര്‍ റിക് സ്കോട്ട് നല്‍കിയിട്ടുളള നിര്‍ദ്ദേശം. നേരത്തെ ക്യൂബ, ഹെയ്തി, പൂര്‍ട്ടോറിക്കോ, സെന്‍റ് മാര്‍ട്ടിന്‍ എന്നിവിടങ്ങളില്‍ ഇര്‍മ കനത്ത നാശം വിതച്ചിരുന്നു.
ഒരു പതിറ്റാണ്ടിനിടെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപം കൊണ്ട ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റാണ് ഇര്‍മ. കരീബിയന്‍ ദ്വീപ് സമൂഹങ്ങളില്‍ കനത്ത നാശം വിതച്ചെത്തിയ ഇര്‍മ ഫ്ലോറിഡയിലും വന്‍ നാശം സൃഷ്‌ടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
