ദില്ലി: പ്രധാനകേസുകൾ മുതിർന്ന ജഡ്ജിമാർ മാത്രം കേൾക്കണം എന്ന നിലപാട് ഒത്തുതീർപ്പിൻറെ ഭാഗമായി പോലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ചീഫ് ജസ്റ്റിസ് എന്നാണ് സൂചന. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ പല പ്രധാന കേസുകളും മുതിർന്ന ജഡ്ജിമാർ അല്ല പരിഗണിച്ചതെന്ന വാദമാണ് ചീഫ് ജസ്റ്റിസിനെ പിന്തുണയ്ക്കുന്നവർ ഉന്നയിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രശ്നങ്ങൾ ഉടൻ തീരുമെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ വ്യക്തമാക്കിയെങ്കിലും പെട്ടെന്ന് ഉണങ്ങുന്ന മുറിവല്ല ജുഡീഷ്യറിയിൽ ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളിലൂടെ പരസ്യമായാണ് നാലു ജഡ്ജിമാർ ഏറ്റുമുട്ടൽ തുടങ്ങിയത്. ഇതിനു പുറമെ രഹസ്യമായും ഈ കലാപത്തിൽ മാധ്യമങ്ങളെ ഉപയോഗിക്കുന്നതിൻറെ സൂചന പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ ഇരുപത് കൊല്ലത്തിൽ പ്രധാന കേസുകൾ പലതും ജൂനിയർ ജഡ്ജിമാർ കേട്ടതിൻറെ വിവരങ്ങൾ ഒരു പത്രം പുറത്തുവിട്ടു. രാജീവ് ഗാന്ധി വധകേസ് ജസ്റ്റിസ് കെടി തോമസിൻറെ നേതൃത്വത്തിലുള്ള എട്ടാം നമ്പർ കോടതിയാണ് 1998-ൽ കേട്ടത്. ബോഫോഴ്സ് കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോഴും എട്ടാം നമ്പർ കോടതിയിൽ ജസ്റ്റിസ് എംബി ഷായുടെ ബഞ്ചിലേക്കാണ് പോയത്.
2007-ൽ സൊറാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസ് ആദ്യം വന്നപ്പോൾ പതിനൊന്നാം നമ്പർ കോടതിയാണ് പരിഗണിച്ചത്. സ്പെക്ട്രം കേസ്, ഐടി നിയമത്തിലെ 66ആം വകുപ്പിനെതിരെയുള്ള കേസ്, അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന എംപിമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച കേസ്, വിജയ്മല്ല്യ കേസ് തുടങ്ങി നിരവധി വ്യവഹാരങ്ങൾ മുതിർന്ന ജഡ്ജിമാരുടെ കോടതിയിൽ അല്ല നടന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൊളീജിയമോ ഫുൾ കോർട്ടോ ചേരാനുള്ള തീരുമാനം വൈകാതെയുണ്ടാകാനാണ് സാധ്യത. എന്നാൽ കേസുകൾ കൈമാറുന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ചയ്ക്കു തയ്യാറാവും എന്ന് കരുതാൻ ഇപ്പോൾ സൂചനയൊന്നുമില്ല.
