കൊച്ചി: ഇരുമ്പനം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്‌ളാന്റിലെ ഒരു വിഭാഗം ടാങ്കര്‍ ലോറി ജീവനക്കാര്‍ അനിശ്ചിതകാലപണിമുടക്കില്‍. ഇന്ധന നീക്കത്തില്‍ ഐഒസി അധികൃതര്‍ അശാസ്ത്രീയ രീതികള്‍ സ്വീകരിച്ചതിനാല്‍ തുച്ഛമായ വേതനം മാത്രമാണ് കിട്ടുന്നത് എന്നാരോപിച്ചാണ് ഇന്നലെ രാത്രി മുതല്‍ പണിമുടക്ക് തുടങ്ങിയിരിക്കുന്നത്.

ഐഒസി പ്ലാന്റുമായി കരാറുള്ള ടാങ്കറുകളും പെട്രോള്‍ പമ്പുടമകളുടെ ടാങ്കര്‍ ലോറികളും അടക്കം 700ഓളം ടാങ്കറുകള്‍ ഇരുന്പനത്ത് നിന്ന് പെട്രോളും ഡീസലും കൊണ്ടുപോകുന്നുണ്ട്. ഇതില്‍ കരാറടിസ്ഥാനത്തില്‍ ഓടുന്ന നാനൂറിലേറെ ടാങ്കര്‍ ലോറികളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. ഐഒസി പന്പുകള്‍ നടത്തുന്നവരുടെ ഉടമസ്ഥതയിലുള്ള ടാങ്കര്‍ ലോറികള്‍ അവരവരുടെ പമ്പിലേക്ക് മാത്രം ഇന്ധനം കൊണ്ടുപോയിരുന്ന രീതി മാറ്റി, മറ്റ് പന്പുകളിലേക്കും കൊണ്ടുപോകുന്നതാണ് പ്രശ്‌നത്തിന് കാരണമെന്ന് സമരക്കാര്‍ പറയുന്നു. 

ഈ ടാങ്കറുകള്‍ക്ക് ഐഒസി മൂന്നിരട്ടിയിലധികം ലോഡുകള്‍ നല്‍കിയതോടെ കരാര്‍ ടാങ്കറുകള്‍ക്ക് ഓട്ടം കുറഞ്ഞു. വരുമാനം കുറഞ്ഞതോടെ തൊഴിലാളികളുടെ കൂലിയും കുറഞ്ഞു. ഇത് കടുത്ത പ്രതിസന്ധിക്ക് കാരണമായെന്ന് കരാര്‍ ടാങ്കറുകളിലെ തൊഴിലാളികള്‍ പറയുന്നു. കരാര്‍ ടാങ്കറുകള്‍ അഞ്ഞൂറ് കിലോമീറ്റര്‍ മാത്രം മാസം സര്‍വ്വീസ് നടത്തുമ്പോള്‍ പമ്പുടമകളുടെ ടാങ്കറുകള്‍ എണ്ണായിരം കിലോമീറ്റര്‍ വരെ സര്‍വ്വീസ് നടത്തുന്നുവെന്ന് സമരം ചെയ്യുന്ന തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. പ്രശ്‌നം പരിഹരിക്കുന്നത് വരെ പണിമുടക്ക് തുടരാനാണ് ഇവരുടെ തീരുമാനം