ബഗ്ദാദ്: ഐ എസിനെതിരെ സൈന്യം പോരാട്ടം ശക്തമാക്കിയ മൂസിലില്‍നിന്ന് 5000ത്തോളം പേര്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ട്. യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെതാണ് റിപ്പോര്‍ട്ട്. സിറിയന്‍ അതിര്‍ത്തി കടന്ന ഇവരെ അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റി.
ഏകദേശം 15 ലക്ഷം ആളുകള്‍ മൂസിലില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇറാഖ് സേന മൂസിലിലേക്ക് കടക്കുന്നത് തടയാന്‍ തദ്ദേശവാസികളെ ഐ.എസ് മനുഷ്യകവചമായി ഉപയോഗിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതിനിടെ, സൈന്യത്തിനെതിരെ ഐ എസ് രാസായുധം പ്രയോഗിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ബോംബുകളുടെ അവശിഷ്ടങ്ങള്‍ പരിശോധിച്ച് രാസായുധമാണോ എന്നുറപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. മൂസിലില്‍ 5000ത്തിലേറെ ഐ.എസ് ഭീകരരുണ്ടെന്നാണ് കരുതുന്നത്. മൂസിലില്‍നിന്ന് രക്ഷപ്പെടുന്ന ഐ.എസ് ഭീകരരും ഈ വഴി സിറിയയിലത്തൊന്‍ സാധ്യതയുള്ളതായും അഭ്യൂഹമുണ്ട്.
പോരാട്ടം മൂന്നാം ദിവസത്തിലേക്കു കടന്നതോടെ മൂസിലിനടുത്ത ഹംദനിയ നഗരത്തിലാണ് ഇറാഖി സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സൈന്യത്തിന്‍റെ മുന്നേറ്റം തടയാന്‍ ഐ.എസ് ശക്തമായി തിരിച്ചടിക്കുന്നുമുണ്ട്. ഐ എസ് ചാവേറാക്രമണത്തിന് ഉപയോഗിക്കാന്‍ പദ്ധതിയിട്ട അഞ്ചു കാറുകള്‍ നശിപ്പിച്ചതായി ഇറാഖി സൈന്യം അറിയിച്ചു. ഇറാഖി സൈന്യത്തെ പിന്തുണച്ചിരുന്ന കുര്‍ദ് പെഷമെര്‍ഗ പോരാളികള്‍ യുദ്ധമുഖത്തുനിന്ന് താല്‍ക്കാലിക പിന്മാറ്റം പ്രഖ്യാപിച്ചിരിക്കയാണ്. ആദ്യ ദിനം 52 ഐ.എസ് കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു. യു എസ് സഖ്യസേനയും പോരാട്ടത്തില്‍ ഇറാഖിന് സഹായം നല്‍കുന്നുണ്ട്.
