ദില്ലി: തന്റെ പ്രിയ പത്നി മുംതാസിന്റെ സ്മരണയ്ക്കായി മുഗൾ ചക്രവർത്തിയായ ഷാജഹാൻ പണികഴിപ്പിച്ച, ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലും ഇനി മറ്റൊരു ബാബരി മസ്ജിദ് ആകുമോ? താജ്മഹൽ ഷാജഹാൻ പണികഴിപ്പിച്ചതാണോ അതല്ലെങ്കിൽ രജപുത്രരാജാവ് സമ്മാനിച്ചതാണോ എന്ന കാര്യം അന്വേഷിച്ച് മറുപടി നൽകാൻ വിവരാവകാശ കമ്മീഷൻ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് നിർദേശം നൽകി.
താജ്മഹൽ ശിവ ക്ഷേത്രമായിരുന്നു എന്ന തരത്തിലുള്ള ചില അവകാശവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ ഇടപെടൽ. ബികെഎസ്ആർ അയ്യങ്കാർ വിവരാവകാശ പ്രകാരം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയെ സമീപിച്ചു. ആഗ്രയിലെ സൗധം താജ്മഹലാണോ അതോ തേജോ മഹാലയമാണോ എന്നായിരുന്നു അയ്യങ്കാറിന്റെ ചോദ്യം. ഷാജഹാനല്ല പകരം രജപുത്ര രാജാവായ രാജാമാൻ സിങാണ് ഈ സൗധം പണികഴിപ്പിച്ചതെന്ന സംശങ്ങൾക്ക് ഉത്തരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇത്തരത്തിലുള്ള രേഖകളൊന്നും ലഭ്യമല്ലെന്നായിരുന്നു ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യുടെ മറുപടി.
17-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സൗധത്തിന്റെ നിർമ്മാണ രേഖകളും രഹസ്യ അറകളെ കുറിച്ചുള്ള വിവരങ്ങളും നൽകണമെന്നും അയ്യങ്കാർ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ചരിത്രാന്വേഷണം വേണമെന്നും അത് വിവരാവകാശത്തിൻ്റെ പരിധിക്കപ്പുറമാണെന്നും കാണിച്ചാണ് വിവരാവകാശ കമ്മീഷന്‍ സാംസ്കാരിക മന്ത്രാലയത്തിന് നിർദേശം നൽകിയത്.
