ലണ്ടന്‍: ലണ്ടന്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു. ഐ എസ് ബന്ധമുള്ള മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ പന്ത്രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. പലയിടങ്ങളില്‍ നിന്നായി നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ലണ്ടനെ ഞെട്ടിച്ച ഭീകരാക്രമണത്തില്‍ ഏഴ് പേരാണ് മരിച്ചത്. മൂന്ന് മാസത്തിനിടയിലെ മൂന്നാമത്തെ ഭീകരാക്രമണത്തിനാണ് ലണ്ടന്‍ നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. രാജ്യത്തെ ഭീകര വിരുദ്ധ നയം പുനരവലോകനം ചെയ്യേണ്ട സമയം അതിക്രമിച്ചെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ് മേ വ്യക്തമാക്കി.

മാര്‍ച്ചില്‍ നടന്ന വെസ്റ്റ്മിനിസ്റ്റര്‍ ആക്രമണത്തിനും രണ്ടാഴ്ച മുമ്പ് നടന്ന മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിനും പിന്നാലെ കഴിഞ്ഞദിവസം ആക്രമണത്തിന് വേദിയായത് ലണ്ടന്‍ ബ്രിഡ്ജാണ്. പാലത്തിലേക്ക് അതിവേഗം വാന്‍  ഓടിച്ച് കയറ്റി വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു അക്രമികള്‍. തുടര്‍ന്ന് വാഹനത്തില്‍ നിന്നും ചാടി ഇറങ്ങി ചിതറി ഓടുകയായിരുന്ന ജനങ്ങളെ കത്തി ഉപയോഗിച്ചും സംഘം ആക്രമിച്ചു. മൂന്നു പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവരെ മിനിറ്റുകള്‍ക്കുള്ളില്‍ വെടിവച്ച് വീഴ്ത്തി. പരിക്കേറ്റവരെ നഗരത്തിലെ അഞ്ച് ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി തെരേസ മേ ഉന്നതതല സുരക്ഷായോഗം വിളിച്ചു. അടുത്തിടെ രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പരസ്‌പരം ബന്ധമില്ലെന്ന് തെരെസ മേ പറഞ്ഞു.

അക്രമണത്തെ തുടര്‍ന്ന് പ്രധാന പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് മാറ്റിവക്കില്ലെന്നും നിശ്ചയിച്ച സമയത്ത് തന്നെ നടത്തുമെന്നും തേരസേ മേ വ്യക്തമാക്കി. ആക്രമണത്തെ ഇന്ത്യ ഉള്‍പ്പെടെ വിവിധ ലോകരാജ്യങ്ങള്‍ അപലപിച്ചു.