ധാക്ക: ഇന്ത്യയില്‍ ഗറില്ലാ ആക്രമണങ്ങള്‍ നടത്തുന്നതിന് ഐസിസ് പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. ഐസിസ് മുഖപത്രമായ ദാബിക് മാസികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ബംഗ്ലാദേശിലെ ഐസിസ് നേതാവ് ശൈഖ് അബു ഇബ്രാഹിം അല്‍ ഹനീഫാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാക്കിസ്താനിലെയും ബംഗ്ലാദേശിലെയും ഐസിസ് ഭീകരരെ ഉപയോഗിച്ച് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്നാണ് മാസികയുടെ 16ാം പതിപ്പില്‍ അബു ഇബ്രാഹിം വെളിപ്പെടുത്തിയത്.
ബംഗ്ലാദേശിലും ഇന്ത്യയോട് അടുത്ത അഫ്ഗാന്‍ -പാക്കിസ്താന്‍ അതിര്‍ത്തിയിലെ വിലായത്ത് ഖുറാസാനിലും ഇതിനായി താവളങ്ങള്‍ നിര്‍മിക്കുമെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.
മാസികയിലെ അഭിമുഖത്തില്‍ പറയുന്നത് ഇതാണ്: 'തന്ത്രപരമായ ഭൂമിശാസ്ത്ര പ്രത്യേകതകള്‍ കാരണം ബംഗാള്‍ ഖലീഫയ്ക്ക് ഏറെ പ്രധാനപ്പെട്ട സ്ഥലമാണ്. ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്താണ് ബംഗാള്‍. വിലായത്ത് ഖുറാസാന്‍ അതിന്റെ പടിഞ്ഞാറു ഭാഗത്താണ്. നിലവിലുള്ള മുജാഹിദുകളെ ഉപയോഗിച്ച് ഇന്ത്യയ്ക്കകത്ത് ഇരുഭാഗത്തും നിന്ന് ഗറില്ലാ ആക്രമണങ്ങള്‍ നടത്തും'.
മതേതരത്വത്തെ പിന്താങ്ങുന്ന ബംഗ്ലാദേശിലെ സര്‍ക്കാറിനെ മറിച്ചിടുമെന്ന് ശൈഖ് അബു ഇബ്രാഹിം പറയുന്നു.
