കൊച്ചി: ദുരൂഹസാഹചര്യത്തിലുളള മതംമാറ്റം സംബന്ധിച്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി നിർദേശം സംസ്ഥാന പൊലീസ് അവഗണിച്ചു. ഐ എസ് ബന്ധമുണ്ടെന്ന് സംശയിച്ച് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്ന തിരുവനന്തപുരം ആറ്റുകാൽ സ്വദേശി നിമിഷയുടെ മാതാവ് നൽകിയ ഹർ‍ജിയിലായിരുന്നു മാസങ്ങൾക്കുമുന്പ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിർ‍ദേശം.

കഴിഞ്ഞ വർഷം നവംബറിലായിരുന്ന ആറ്റുകാൽ സ്വദേശിനിയായ നിമിഷയുടെ അമ്മ ബിന്ദു ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹ‍‍ർജി നൽകിയത്. തന്‍റെ മകൾ പാലക്കാട് സ്വദേശിയായ ബെക്സൺ എന്ന ഇസയുടെ തടവിലാണെന്നും മോചിപ്പക്കണമെന്നുമായിരുന്നു ആവശ്യം. മകളുടെ അപ്രതീക്ഷിത മതംമാറ്റത്തിൽ ഏറെ ദുരൂഹതകളുണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. 

കോടതിയിൽ ഹാജരായ നിമിഷ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസക്കൊപ്പം പോയതെന്ന് അറിയിച്ചതോടെ ഹേബിയസ് കോർപ്പസ് ഹ‍‍ർജി അസാധുവായി. എന്നാൽ മതംമാറ്റം സംബന്ധിച്ച് ദുരൂഹതകളിൽ പൊലീസിന് തുടരന്വേഷണം നടത്താമെന്നായിരുന്നു കോടതി നിർ‍ദേശം. സംസ്ഥാന ഡിജിപിയെ എതിർകക്ഷിയാക്കി നൽകിയ ഹർജിയിൽ പക്ഷേ പിന്നീടൊന്നും സംഭവിച്ചില്ലതിരുവനന്തപുരം സെക്രട്ടേറിയറ്റിനടുത്തുളള ഒരിടത്തുവെച്ചാണ് താൻ മാതം മാറിയതെന്നാണ് നിമിഷ കോടതിയെ അറിയിച്ചിരുന്നത്. 

എന്നാൽ നിമിഷയെ തേടി ഇറങ്ങിയ തങ്ങൾ ബെക്സൺ സുഹൃത്തായ കാസർകോ‍ട് ഉടുമ്പിന്‍തലയിലെ അബ്ദുൾ റഷീദിന്‍റെ വീട്ടിലെത്തിയെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതേ അബ്ദദുൾ റഷീദാണ് ഐ എസിലേക്ക് ആളുകളെ റിക്രൂട്ട്ചെയ്തതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.