ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേയെ ലക്ഷ്യംവച്ചുള്ള ഭീകരാക്രമണ പദ്ധതി തകർത്തതായി യുകെ പോലീസ്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സ്ഫോടകവസ്തു ഉപയോഗിച്ച് തെരേസ മേയെ വധിക്കാൻ നടത്തിയ പദ്ധതിയാണ് തകർത്തതെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.
നവംബർ 28ന് യുകെ പോലീസ് രണ്ടു ഭീകരരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഇത്തരമൊരു വാർത്ത പുറത്തുവന്നത്. നയിമുർ സാക്കറിയ റഹ്മാൻ (20), മുഹമ്മദ് ആഖിബ് റഹ്മാൻ (21) എന്നിവരാണ് അറസ്റ്റിലായത്. ഒരാൾ വടക്കൻ ലണ്ടനിൽ നിന്നും മറ്റൊരാൾ തെക്ക്-കിഴക്കൻ ബെർമിംഗ്ഹാമിൽ നിന്നുമാണ് പിടിയിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രധാനമന്ത്രിയെ വധിക്കാനുള്ള പദ്ധതി തകർത്ത വാർത്ത സ്ഥിരീകരിക്കാത്ത ബ്രിട്ടീഷ് സർക്കാർ കഴിഞ്ഞ ഒരു വർഷത്തിനിടെ ഒൻപത് ഭീകരാക്രമണ പദ്ധതികൾ തകർത്തുവെന്ന് സമ്മതിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
