Asianet News MalayalamAsianet News Malayalam

ഐക്യരാഷ്ട്ര സഭയിലെ പ്രമേയം എതിര്‍ക്കാതിരുന്നതിന് അമേരിക്കയെ വിമര്‍ശിച്ച് ഇസ്രായേല്‍

israel criticises us on motion in united nations
Author
First Published Dec 26, 2016, 2:26 AM IST

ഇസ്രായേലിനെതിരായ ഐക്യരാഷ്‌ട്ര സഭ പ്രമേയത്തില്‍ നിന്ന് വിട്ട് നിന്ന അമേരിക്കയുടെ നിലപാടിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ഇസ്രായേല്‍. ഇസ്രായേല്‍ അധിനിവേശ വിരുദ്ധ പ്രമേയത്തിന് പിന്നില്‍ അമേരിക്കയാണെന്നാണ് ഇസ്രായേലിന്റെ ആരോപണം. പ്രമേയം പാസാക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റെ ബറാക് ഒബാമ മുന്‍കൈയ്യെടുത്തെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കുറ്റപ്പെടുത്തി. സുരക്ഷാ കൗണ്‍സിലില്‍ ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെതിരെ നിലപാടെടുക്കാറില്ലെന്നും നെതന്യാഹു ഓര്‍മ്മപ്പെടുത്തി.

അമേരിക്കന്‍ അംബാസിഡര്‍ ഡാന്‍ ഷപ്പീറോയെ തന്റെ ഓഫീസിലേക്ക് നേരിട്ട് വിളിച്ച് വരുത്തിയും നെതന്യാഹൂ പ്രതിഷേധം അറിയിച്ചു. പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത രാജ്യങ്ങളിലെ അംബാസിഡര്‍മാരുടെ യോഗം ഇന്നലെ നെതന്യാഹു വിളിച്ചിരുന്നു. ഈ യോഗത്തിലേക്ക് അമേരിക്കന്‍ പ്രതിനിധിയെ വിളിച്ചിരുന്നില്ല. ഇതിന് ശേഷം അമേരിക്കന്‍ പ്രതിനിധിയെ ഒറ്റയ്‌ക്ക് വിളിച്ച് പ്രതിഷേധം അറിയിച്ചത്. നെതന്യാഹുവിനെ തങ്ങളുടെ അംബാസിഡര്‍ കണ്ടെന്ന വാര്‍ത്ത അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതാദ്യമായിട്ടായിരുന്നു ഇസ്രായേല്‍ അധിനിവേശത്തിനെതിരായ ഐക്യരാഷ്‌ട്രയിലെ വോട്ടെടുപ്പില്‍ നിന്ന് അമേരിക്ക വിട്ടു നില്‍ക്കുന്നത്. അമേരിക്ക വിട്ടു നിന്നതോടെ 15 അംഗ രക്ഷാസമിതിയിലെ മറ്റ് അംഗങ്ങളെല്ലാം ഇസ്രായേലിനെതിരായി വോട്ട് ചെയ്തു. ഇതോടെ വെസ്റ്റ് ബാങ്കിലേയും ജറുസലേമിലേയും ഇസ്രായേല്‍ അധിനിവേശങ്ങള്‍ നിയമവിരുദ്ധമാണെന്നും അടിയന്തരമായി നിര്‍ത്തണമെന്നുള്ള പ്രമേയം ഐക്യരാഷ്‌ട്രസഭ പാസാക്കുകയും ചെയ്തു. നെതന്യാഹുവും ഒബാമയും തമ്മിലുള്ള ബന്ധം രസകരമായിരുന്നില്ല. പലസ്തീന്‍ ഭൂമിയില്‍ പണിത ആയിരം വീടുകള്‍ നിയമവിധേയമാക്കാനുള്ള ഇസായേല്‍ തീരുമാനവും അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ നിലപാടിനെ വിമര്‍ശിച്ച് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നിരുന്നു. താന്‍ അധികാരമേറ്റെടുത്താല്‍ നിലവിലെ സ്ഥിതിഗതികളില്‍ മാറ്റമുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios