ചാര കേസിൽ സുപ്രീംകോടതിയിൽ വാദം കേൾക്കൽ തുടരുന്നു ചാരക്കേസിൽ കുടുക്കിയത് അമേരിക്കൻ പൗരത്വം നിഷേധിച്ചതിന്
ദില്ലി: ചാരക്കേസിൽ ആവശ്യമെങ്കിൽ വീണ്ടും അന്വേഷണത്തിന് ഉത്തരവിറക്കുമെന്ന് സൂചന നൽകി സുപ്രീംകോടതി. അമേരിക്കൻ പൗരത്വം വേണ്ടെന്നുവെച്ചതാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസിൽ കുടുക്കാൻ കാരണമെന്ന് നമ്പി നാരായണൻ സുപ്രീംകോടതിയിൽ വാദിച്ചു. കേസിൽ വാദം കേൾക്കൽ നാളെയും തുടരും. ഐ.എസ്.ആര്‍.ഒ ചാരക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥരായിരുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ നമ്പി നാരായണന്‍റെ വാദം ഇന്ന് സുപ്രീംകോടതി നേരിട്ട് കേട്ടു. ഗ്യാലറിയിൽ നിന്ന് നമ്പി നാരായണനെ വിളിച്ചുവരുത്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിശദാംശങ്ങൾ തേടുകയായിരുന്നു.
അമേരിക്കയിൽ നാസ ഫെലോ ആയി പ്രവര്‍ത്തിക്കവെ തനിക്ക് അമേരിക്കൻ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. അത് വേണ്ടെന്നുവെച്ചാണ് ഇന്ത്യയിലെത്തി പ്രവര്‍ത്തിച്ചത്. അതിന്‍റെ പ്രതികാരമായിരുന്നു പിന്നീട് ചാരക്കേസിൽ തന്നെ കുടുക്കാൻ കാരണമായതെന്ന് നമ്പി നാരായണൻ വാദിച്ചു. അതിന്‍റെ വിശദാംശങ്ങളിലേക്ക് നമ്പി നാരായണൻ കടന്നെങ്കിലും അഭിഭാഷകരുടെ അസൗകര്യം കാരണം കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, കെ കെ ജോഷ്വാ, എസ് വിജയൻ എന്നിവർക്കെതിരെ വീണ്ടും അന്വേഷണത്തിന് സിബിഐക്കൊ സംസ്ഥാന പൊലീസിനോ നിർദ്ദേശം നൽകുമെന്ന സൂചന വാദം കേൾക്കുന്നതിനിടെ ഇന്ന് കോടതി നൽകി.
കേസിൽ വാദം കേൾക്കൽ നാളെയും തുടരും. തിരുവനന്തപുരം ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണൻ മാലി സ്വദേശിയായ മറിയം റഷീദ വഴി ഇന്ത്യയുടെ ബഹിരാകാശ വിവരങ്ങൾ വിദേശികൾക്ക് ചോര്‍ത്തി എന്നത് തൊണ്ണൂറുകളിൽ വലിയ കോളിളക്കങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇതിൽ യാതൊരു തെളിവും കണ്ടെത്താൻ സിബിഐ ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾക്ക് സാധിച്ചില്ല. കേസിൽ നമ്പി നാരായണനെ വെറുതെ വിട്ട കേരള ഹൈക്കോടതി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തു.
