മാലിദ്വീപിൽ എപ്പോൾ വേണമെങ്കിലും തൊഴില്‍ നഷ്ടപ്പെടാം ആശങ്കയോടെ ജീവിതം തള്ളിനീക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ മാലിദ്വീപിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ‌ നിന്ന് ഇന്ത്യ പുറത്താകുമെന്ന് ദ് ഹിന്ദു റിപ്പോർട്ട്
കഴിഞ്ഞ ജനുവരിയിലാണ് മാലിദ്വീപിലെ ഒരു ഹോസ്പിറ്റലിൽ ജേക്കബ് തോമസ് നഴ്സായി ജോലിയിൽ പ്രവേശിച്ചത്. ഭാര്യയെയും നാല് വയസ്സുകാരൻ മോനെയും കാണാൻ അവധിയെടുത്ത് നാട്ടിൽ പോയതായിരുന്നു ജേക്കബ്. വളരെ കുറച്ച് ദിവസത്തെ അവധി മാത്രം. എന്നാൽ ആ സമയം കൊണ്ട് അയാളുടെ തൊഴിൽ വിസ റദ്ദായിക്കഴിഞ്ഞിരുന്നു.
ഇതുപോലെ നൂറ് കണക്കിന് മലയാളികളാണ് മാലിദ്വീപിൽ എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാവുന്ന തൊഴിലുമായി ആശങ്കയോടെ ജീവിതം തള്ളിനീക്കുന്നത്. ഒരു കുടംബം മൊത്തം തന്നെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് ജേക്കബ് പറയുന്നു. ലോണുകളും ഇൻഷുറൻസും അടയ്ക്കാൻ സാധിക്കുന്നില്ല. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിലാണ് ഞാൻ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. അവർക്ക് മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ.
നൂറ് കണക്കിന് മലയാളികളാണ് ജോലി തേടി ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് ഓരോ മാസവും ചേക്കേറുന്നത്. കടലും മലയും കടന്ന് കുടുംബത്തെ നാട്ടിലുപേക്ഷിച്ച് ഇവർ പോകുന്നത് പലപ്പോഴും മനസ്സോടെ ആയിരിക്കില്ല. - ജീവിക്കണ്ടേ- എന്നൊരു വാക്ക് അവർ തങ്ങളുടെ യാത്രയെ ബലപ്പെടുത്താൻ കൂട്ടിച്ചേർക്കും. ദുബായിൽ പോകുന്ന അതേ മനസ്സോടെയാണ് മാലിദ്വീപിലേക്കും ജോലി തേടി മലയാളികൾ കപ്പൽ കയറുന്നത്. വിസയില്ലാതെ പോകാൻ സാധിക്കുന്ന ഒരേയൊരു രാജ്യം. ഇന്ത്യൻ മഹാ സമുദ്രത്തിൽ ചിതറിക്കിടക്കുന്ന ദ്വീപുകളുടെ കൂടിച്ചേരലാണ് മാലിദ്വീപ്.
ഇന്നാട്ടിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന അധ്യാപകർ ഇന്ത്യക്കാരാണ്. അതിൽതന്നെ എണ്ണത്തിൽ കൂടുതൽ മലയാളികളും. ആശുപത്രി, കെട്ടിടനിർമ്മാണം,. അക്കൗണ്ടന്റ്സ്, ഡിസൈനേഴ്സ് തുടങ്ങി എല്ലാ മേഖലകളിലും മലയാളി സാന്നിദ്ധ്യമുണ്ട്. എന്നാൽ ഫെബ്രുവരി മുതൽ ഇവരെല്ലാം നേരിടുന്നത് അതിരൂക്ഷമായ തൊഴിൽ പ്രതിസന്ധിയിലാണ്. ജോലിക്ക് പരസ്യം ക്ഷണിക്കുന്ന സമയത്ത് ഇന്ത്യക്കാർ അപേക്ഷിക്കേണ്ടതില്ല എന്നൊരു വരികൂടി ഇവിടുത്തെ കമ്പനികൾ കൂട്ടിച്ചേർക്കും. ഇതും സ്വദേശിവത്കരണത്തിന്റെ ഭാഗമാണ്. തൊഴിൽ മാന്ദ്യമാണ് കാരണമെന്ന് ഇവിടുത്തെ ഗവൺമെന്റ് വിലയിരുത്തുന്നു. ഈവർഷം ഫെബ്രുവരി ഒന്നു മുതലാണ് മാലി ദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീൻ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ആയിരക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ വർക്ക് പെർമിറ്റുകളാണ് ഇതുമൂലം ഇമിഗ്രേഷൻ അതോറിറ്റിയിൽ കെട്ടിക്കിടക്കുന്നത്. സാമാന്യം ഭേദപ്പെട്ട ശമ്പളത്തിൽ കൊള്ളാവുന്ന ഒരു പദവിയിൽ ജോലി ലഭിക്കുമെന്ന് സ്വപ്നം കണ്ടവരെ തകർത്തുകളഞ്ഞ നടപടിയായിരുന്നു ഇത്.
ലക്ഷക്കണക്കിന് രൂപ ലോണെടുത്ത് പ്രൊഫഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കി ജോലിക്കായി കാത്തിരുന്നവരാണ് ഇവരിൽ മിക്കവരും. തൊഴിൽ പരസ്യങ്ങളിൽ ഇന്ത്യക്കാരെ വേണ്ട എന്ന് അവർ കർശനമായി പറയുമ്പോൾ അതേറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികളെയാണ്. കാരണം ഓരോ വർഷവും ലോണെടുത്ത് പ്രൊഫഷണൽ കോഴ്സ് പൂർത്തിയാക്കുന്ന പതിനായിരക്കണക്കിന് വിദ്യാരിത്ഥികളുണ്ട് കേരളത്തിൽ.
മാലി ദ്വീപ് നിവാസികളെ മാത്രം മതി എന്നും തൊഴിൽ പരസ്യം കൊടുക്കുന്ന കമ്പനിക്കാരുണ്ട്. ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടും മാലിദ്വീപിലെ ഇന്ത്യൻ എംബസിക്ക് തൊഴിലന്വേഷകരെ സഹായിക്കാൻ സാധിക്കുന്നില്ല എന്നത് വളരെ സങ്കടകരമായ അവസ്ഥയാണ്.
'ഏതു നിമിഷം വേണമെങ്കിലും നാട്ടിലേക്ക് പുറപ്പെടാൻ പെട്ടി തയ്യാറാക്കി വച്ചിരിക്കുന്നു...' റിസോർട്ട് മാനേജരായ സോണി പറയുന്നു, ജൂലൈ 1 ന് അപ്പുറം ജോലി ചെയ്യാൻ സാധിക്കുമോ എന്ന കാര്യം ഉറപ്പില്ല. സുഷമാ സ്വരാജിനും മറ്റ് എംബസി ഉദ്യോഗസ്ഥർക്കും ട്വീറ്റ് ചെയ്ത് കാത്തിരിക്കുകയാണ് എന്നാണ് ഇവരുടെയൊക്കെ മറുപടി..' അത് മാത്രമാണ് ഏക പ്രതീക്ഷയെന്നും ഇവർ പറയുന്നു.
എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാൻ മാലിദ്വീപിലെ ഇന്ത്യൻ എംബസി തയ്യാറാകുന്നില്ല. ഇന്ത്യക്കാർക്ക് വിസ നിഷേധിക്കുന്നു എന്ന കാര്യം പൂർണ്ണമായും തെറ്റാണ് എന്നാണ് ഇമിഗ്രേഷൻ വക്താവ് ഹസ്സൻ ഖലീൽ പ്രതികരിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതൽ അതിരൂക്ഷമായ തൊഴിൽ പ്രതിസന്ധിയിലൂടെയാണ് മാലിദ്വീപിലെ ഇന്ത്യക്കാർ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഇരുപത്തിഒൻപതിനായിരത്തിലധികം ഇന്ത്യക്കാരാണ് മാലിദ്വീപിൽ ജോലി ചെയ്യുന്നത്. അതിൽ നല്ലൊരു ശതമാനം മലയാളികളാണ്. ഇതിൽ രണ്ടായിരത്തിലധികം പേർ വർക്ക് പെർമിറ്റിന് വേണ്ടി അപേക്ഷ നൽകി കാത്തിരിക്കുന്നവരാണ്.
മാലിയിലെ ഭരണകൂടം ചൈനയുമായി അടുക്കുകയും 2006 മുതൽ ബെയ്ജിംഗിൽ അവരുടെ എംബസി തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെയും രാജ്യാന്തര നയതന്ത്ര രംഗത്ത് അമേരിക്കയെ ചൊടിപ്പിച്ച സംഭവമാണ്. പ്രസിഡന്റ് അബ്ദുള്ള യാമിൻ പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തിരാവസ്ഥയാണ് ഇപ്പോൾ മാലിദ്വീപിൽ നിലനിൽക്കുന്നത്. അത് ഭരണ പ്രതിസന്ധിയിലേക്കും തൊഴിൽ പ്രതിസന്ധിയിലേക്കും നീങ്ങിക്കഴിഞ്ഞു. ജൂൺ അവസാനത്തോടെ മാലിദ്വീപിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്ന് ഇന്ത്യ പുറത്താകാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് ദ് ഹിന്ദു പത്രം റിപ്പോർട്ട് ചെയ്യുന്നു. അതോടെ ഇപ്പോഴത്തെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. ഇന്ത്യക്കാരുടെയും ഒപ്പം മലയാളികളുടെയും.
