കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ കടുത്ത ഭിന്നത. പാർട്ടി കോൺഗ്രസ് തീരുമാനം അട്ടിമറിക്കുന്നു എന്ന് ബംഗാൾ ഘടകം.

ദില്ലി: കോൺഗ്രസ് സഹകരണത്തിൻറെ കാര്യത്തിൽ സിപിഎമ്മിൽ വീണ്ടും ഭിന്നത. സഹകരണം തള്ളാത്ത പാർട്ടി കോൺഗ്രസ് തീരുമാനം ഒരു വിഭാഗം അട്ടിമറിക്കുന്നു എന്ന് പശ്ചിമബംഗാൾ ഘടകം ആരോപിച്ചു. പാർട്ടിയുടെ ശക്തി കൂട്ടാനുള്ള നയം വേണമെന്ന് വിഎസ് അച്യുതാനന്ദൻ കേന്ദ്രകമ്മിറ്റിക്കു നല്‍കിയ കുറിപ്പിൽ ആവശ്യപ്പെട്ടു.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നയത്തിൽ സിപിഎം കേന്ദ്രകമ്മിറ്റിയിലെ ചർച്ച ഇന്ന് പൂർത്തിയാകും. പാർട്ടി കോൺഗ്രസിൽ പ്രകടമായ ഭിന്നത തീർന്നില്ലെന്ന സൂചനയാണ് കേന്ദ്ര കമ്മിറ്റിയിലെ ചർച്ചയും നല്‍കുന്നത്. കോൺഗ്രസുമായി സഹകരണം പോലും പാടില്ല എന്ന പരാമർശം പാർട്ടി കോൺഗ്രസ് രേഖയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

തെരഞ്ഞെടുപ്പിൽ ചില സംസ്ഥാനങ്ങളിൽ നീക്കുപോക്കോ ധാരണയോ ആവാം എന്നതാണ് ഇതിനർത്ഥമെന്ന് ബംഗാൾ ഘടകം വാദിക്കുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ധാരണയ്ക്ക് പാർട്ടി കോൺഗ്രസ് പച്ചക്കൊടി കാട്ടിയില്ലെന്നാണ് മറുവാദം. നിയസഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസ് ടിഡിപി സഖ്യത്തിൽ ചേരുന്നതിന് എതിരെയാണ് കേരളനേതാക്കളും പ്രകാശ് കാരാട്ടിനൊപ്പം നില്ക്കുന്നവരും വാദിച്ചത്.

എന്നാൽ ഈ വ്യഖ്യാനം പാർട്ടി കോൺഗ്രസ് തീരുമാനത്തിനെതിരെന്ന് യെച്ചൂരി പക്ഷം തിരിച്ചടിച്ചു. പാർട്ടി കോൺഗ്രസ് ഐക്യത്തിനും അടവുനയത്തിനും നല്കിയ മുൻതൂക്കം കേന്ദ്ര കമ്മിറ്റി പരിഗണിക്കണമെന്ന് ഇവർ വാദിച്ചു. തീരുമാനം നാളെ ഉണ്ടാകും. യോഗത്തിനെത്താത്ത വിഎസ് അച്യതാനന്ദൻ പാർട്ടിയുടെ ആശയ അടിത്തറയ്ക്കൊപ്പം അഖിലേന്ത്യാ ശക്തി കൂട്ടണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പ് നല്കി. ആശയസമരം ശക്തിപ്പെടുത്തണം. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റുന്നതിനാവണം മുൻഗണനയെന്നും വിഎസ് നിർദ്ദേശിച്ചു. ശബരിമലയിൽ പ്രത്യേക ചർച്ച നടന്നില്ലെങ്കിലും കോടതിവിധി നടപ്പാക്കണമെന്ന സംസ്ഥാന ഘടകത്തിൻറെ നിലപാടിനൊപ്പമാണ് കേന്ദ്രനേതൃത്വം.