ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂൾ വിമാനത്താവളത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 36 പേർ മരിച്ചു. 60 പേർക്ക് പരിക്കേറ്റു. ആയുധ ധാരികളായ മൂന്ന് പേർ വിമാനത്താവളത്തിന്‍റെ ഉള്ളിൽ കടന്ന ശേഷം വെടിയുതിർക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയിലാണ് ഇസ്താംബൂളിലെ അതാടർക്ക് വിമാനത്താവളത്തിൽ ആക്രമണം നടന്നത്. എകെ47 തോക്കുകളും, ബോംബുകളുമായെത്തിയ മൂന്ന് ചാവേറുകളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 28 പേർ മരിച്ചു. 60 പേർക്ക് പരിക്കേറ്റു. 10 പേരുടെ പരിക്ക് ഗുരുതരമാണ്. വിമാനത്താവളത്തിന്‍റെ ഉള്ളിൽ കടന്ന രണ്ട് ചാവേറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.
മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിലായിരുന്നു ആക്രമണം നടത്തിയത്. അക്രമികൾ കറുത്ത വസ്ത്രം ധരിച്ചിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. കുർദിഷ് വിമതരോ, ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളോ ആകാം ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്താംബൂളിൽ നിന്നുള്ള വിമാനസർവ്വീസ് താൽക്കാലികമായി റദ്ദാക്കി. വിമാനത്താവളത്തിലെ സുരക്ഷ വീഴ്ചയാണ് ഇത്തരമൊരു ആക്രമണത്തിന് കൂടുതൽ സഹായകരമായതെന്നാണ് റിപ്പോർട്ട്. വിദേശ വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന ഇടമാണ് ഇസ്താംബൂൾ. ഭീകരാക്രമണത്തിന്രെ പശ്ചാത്തലത്തിൽ തുർക്കിയിലേക്കുള്ള യാത്രകൾക്ക് അമേരിക്കൻ പൗരൻമാർക്ക് അമേരിക്ക യാത്രാവിലക്ക് ഏർപ്പെടുത്തി.
