വീട്ടില്‍ വന്നിരുന്നെങ്കില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടേനെ. എന്നാല്‍ ഇനി മുഖ്യമന്ത്രിയോട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ട് കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും കൃഷ്ണന്‍ പറഞ്ഞു.  

കാസര്‍കോട്: കാസര്‍കോട് കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി എത്താത്തത് വേദനാജനകമെന്ന് കൃപേഷിന്‍റെ അച്ഛന്‍ കൃഷ്ണന്‍. പാര്‍ട്ടിക്ക് പങ്കുള്ളതുകൊണ്ടാണ് എത്താത്തതെന്നാണ് സംശയിക്കുന്നതെന്നും കൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. 

മുഖ്യമന്ത്രി ഞങ്ങളുടെ കണ്ണീര് കാണാന്‍ വരുമെന്ന് പ്രതീക്ഷിച്ചു. കൊലപാതകത്തില്‍ പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും സിപിഎമ്മിന് പങ്കുണ്ടെന്ന് മുഖ്യമന്ത്രി അറിഞ്ഞ് കാണും. ഇതുകൊണ്ട് പ്രതിഷേധമുണ്ടാകുമെന്ന് കരുതിയാകും അദ്ദേഹം ഇങ്ങോട്ട് വരാതിരുന്നത്. വീട്ടില്‍ വന്നിരുന്നെങ്കില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടേനെ. എന്നാല്‍ ഇനി മുഖ്യമന്ത്രിയോട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ട് കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും കൃഷ്ണന്‍ പറഞ്ഞു.

വിവിധ പരിപാടികള്‍ക്കായി ഇന്ന് കാസര്‍കോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇരുവരുടെയും വീട്ടില്‍ മുഖ്യമന്ത്രി എത്തില്ലെന്നാണ് ഒടുവില്ഡ‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. അതേസമയം കാസര്‍കോട് കൊലപാതകം ഹീനമാണെന്നും തെറ്റായ ഒന്നിനെയും പാര്‍ട്ടി ഏറ്റെടുക്കില്ലെന്നും മുഖ്യമന്ത്രി കാസര്‍കോട്ട് വ്യക്തമാക്കി. 

നല്ലരീതിയിൽ പ്രവര്‍ത്തിക്കുന്ന ഇടത് മുന്നണിയേയും സിപിഎമ്മിനേയും അപകീര്‍ത്തിപ്പെടുത്താൻ അവസരം നൽകിയത് കാസര്‍കോട് നടന്ന ഹീനമായ കൊലപാതകമാണ്. ഒരു തരത്തിലും ന്യായീകരിക്കില്ല. തെറ്റായ ഒന്നിനെയും പാര്‍ട്ടി ഏറ്റെടുക്കില്ല. അതുകൊണ്ടു തന്നെയാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൊലപാതകത്തെ തള്ളി പറഞ്ഞതെന്നും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി പറഞ്ഞു.